സമനില മതിയോ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലെത്താൻ ? സാധ്യതകൾ ഇങ്ങനെ
പോളണ്ടിനെതിരെ സമനില വന്നാൽ അർജന്റീനയ്ക്ക് നാല് പോയിന്റും പോളണ്ടിന് അഞ്ച് പോയിന്റുമാവും
ദോഹ: മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്തതോടെ അർജന്റീനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾക്ക് ജീവൻവെച്ചിരിക്കുകയാണ്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിന് എതിരായ മത്സരം മുൻപിൽ നിൽക്കുന്നതോടെ പ്രീക്വാർട്ടറിലേക്ക് എത്തുക എന്നത് മെസിക്കും കൂട്ടർക്കും മുൻപിൽ ഇപ്പോഴും വെല്ലുവിളിയാണ്.
പോളണ്ടിന് എതിരെ ജയിച്ചാൽ ആറ് പോയിന്റോടെ അർജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടം കടന്ന് പ്രീക്വാർട്ടറിലേക്ക് എത്താം. എന്നാൽ പോളണ്ടിനോട് തോറ്റാൽ മെസിക്കും സംഘത്തിനും പുറത്തേക്ക് വഴി തുറക്കും. ഏഴ് പോയിന്റോടെ പോളണ്ട് പ്രീക്വാർട്ടറിൽ എത്തും. പോളണ്ടിന് എതിരെ അർജന്റീന സമനില വഴങ്ങിയാലും സങ്കീർണമാണ് കാര്യങ്ങൾ.
പോളണ്ടിനെതിരെ സമനില വന്നാൽ അർജന്റീനയ്ക്ക് നാല് പോയിന്റും പോളണ്ടിന് അഞ്ച് പോയിന്റുമാവും. ഇതിനൊപ്പം മെക്സിക്കോയെ സൗദി തോൽപ്പിച്ചാൽ നാല് പോയിന്റോടെ അർജന്റീന ഗ്രൂപ്പിൽ നിന്ന് പുറത്താവും. സൗദിയെ മെക്സിക്കോ നാല് ഗോളിന് തോൽപ്പിച്ചാലും അർജന്റീന പുറത്താകും.
സൗദി-മെക്സിക്കോ മത്സരം സമനിലയിലും അർജന്റീന-പോളണ്ട് മത്സരം സമനിലയിലുമായാൽ ഇരുവർക്കും നാല് പോയിന്റ് വീതമാവും. ഇതിലൂടെ ഗോൾ വ്യത്യാസ കണക്കിൽ മുൻപിൽ നിൽക്കുന്ന അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് വഴി തുറക്കും.