പുതിയ റോളിൽ യുർഗൻ ക്ലോപ്; റെഡ്ബുൾ ഗ്രൂപ്പ് ഗ്ലോബൽ ഫുട്‌ബോൾ മേധാവിയായി തിരിച്ചെത്തുന്നു

2015ൽ ലിവർപൂൾ പരിശീലക സ്ഥാനമേറ്റെടുത്ത ക്ലോപ് ക്ലബിനൊപ്പം ചാമ്പ്യൻസ്‌ലീഗടക്കം പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയിരുന്നു

Update: 2024-10-09 15:37 GMT
Editor : Sharafudheen TK | By : Sports Desk
Advertising

മ്യൂണിച്: ലിവർപൂൾ പരിശീലക സ്ഥാനമൊഴിഞ്ഞ യുർഗൻ ക്ലോപ് പുതിയ റോളിൽ ഫുട്‌ബോളിലേക്ക് മടങ്ങിയെത്തുന്നു. റെഡ് ബുൾ ഗ്രൂപ്പിന്റെ ഗ്ലോബൽ ഫുട്ബോൾ മേധാവിയായാണ് ജർമൻ പരിശീലകൻ മടങ്ങിയെത്തുന്നത്. ബുണ്ടസ്‌ലീഗ ക്ലബ് ആർ.ബി ലെയ്പ്‌സിഗ് ഉൾപ്പടെ നിരവധി ക്ലബുകളുടെ ഉടമസ്ഥാവകാശമുള്ളവരാണ് റെഡ് ബുൾ ഗ്രൂപ്പ്. ജനുവരി ഒന്നിനാണ് ക്ലോപ് ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കുക.

 പുതിയ താരങ്ങളെ കണ്ടെത്തൽ, നയരൂപീകരണം, കോച്ചുമാർക്കുള്ള പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് താരം നിർവഹിക്കേണ്ടത്. ജർമ്മനി, അമേരിക്ക, ബ്രസീൽ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ റെഡ്ബുൾ ക്ലബുകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടവും ക്ലോപ് ഏറ്റെടുക്കും.

2015ൽ ആൻഫീൽഡിലെത്തിയ ക്ലോപ് ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ്, പ്രീമിയർലീഗ്, ക്ലബ് ലോകകപ്പ്, സൂപ്പർകപ്പ്, കമ്യൂണിറ്റി ഷീൽഡ് എന്നിവയെല്ലാം സ്വന്തമാക്കി. ലിവർപൂളിൽ നിന്ന് പടിയിറങ്ങിയ ശേഷം മറ്റൊരു ക്ലബിലേക്കുമില്ലെന്ന് 57 കാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായൊരു ചുമതലയാണ് ഏറ്റെടുക്കുന്നതെന്നും പുതിയ വെല്ലുവിളി പ്രചോദിപ്പിക്കുന്നുണ്ടെന്നും റെഡ്ബുള്ളുമായി കരാറിൽ എത്തിയശേഷം ക്ലോപ്പ് പറഞ്ഞു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News