നെഞ്ചുപിളർത്തി മോഹൻ ബഗാൻ ബുള്ളറ്റ് ഗോൾ; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോൽവി, 3-2

കളിയുടെ അവസാന മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവി വഴങ്ങിയത്.

Update: 2024-12-14 16:50 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: അവസാന മിനിറ്റ് ബുള്ളറ്റ് ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി മോഹൻ ബഗാൻ.. അത്യന്തം ആവേശകരമായ മത്സരത്തിൽ 3-2നാണ് ആതിഥേയർ ജയം പിടിച്ചത്. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെ (90+5) ആൽബർട്ടോ റോഡ്രിഗസിന്റെ തകർപ്പൻ ഷോട്ടിൽ മോഹൻബഗാൻ ലക്ഷ്യം കാണുകയായിരുന്നു. ജാമി മക്ലാരൻ(33), ജെയിസൻ കമ്മിൻസ്(85) എന്നിവരാണ് ബഗാന്റെ മറ്റു ഗോൾ സ്‌കോറർമാർ. ബ്ലാസ്‌റ്റേഴ്‌സിനായി ജീസസ് ജിമെനസ്(51), മിലോസ് ഡ്രിൻസിച്(77) എന്നിവർ ആശ്വാസ ഗോൾ നേടി. തുടക്കത്തിൽ പതറിയെങ്കിലും കളിയിലേക്ക് തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് അവസാനം വരെ പോരാടിയാണ് കീഴടങ്ങിയത്. ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നാണ് ചാമ്പ്യൻമാർ രണ്ടുഗോളും നേടിയത്. ജയത്തോടെ ബഗാൻ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനം നിലനിർത്തി. ബ്ലാസ്‌റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടരുന്നു.

 സ്വന്തം തട്ടകമായ സാൾട്ട് ലേക്കിൽ മുന്നേറിയ ആതിഥേയർ ബ്ലാസ്‌റ്റേഴ്‌സ്  പിഴലിൽ നിന്നാണ് ആദ്യഗോൾ നേടിയത്. മൈതാന മധ്യത്തിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറി ബോക്‌സിന് പുറത്തുനിന്ന് ആശിഷ് റായ് തൊടുത്ത ഷോട്ട് കൈയ്യിലൊതുക്കാൻ സന്ദർശക ഗോളിക്കായില്ല. ബോക്‌സിൽ തക്കംപാർത്തിരുന്ന ജാമി മക്ലാരൻ അനായാസം വലയിലാക്കി(1-0) ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ സമനില പിടിച്ചു. അഡ്രിയാൻലൂണയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ജീസസ് ജിമെനസിന്റെ നിലംപറ്റിയുള്ള ഷോട്ട് പോസ്റ്റിന്റെ ഇടത് മൂലയിൽ വിശ്രമിച്ചു(1-1).

 രണ്ടാം പകുതിയിൽ എതിരാളികളെ വിറപ്പിച്ച് തുടരെ മുന്നേറ്റം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഒടുവിൽ മത്സരത്തിൽ ആദ്യമായി ലീഡുമെടുത്തു. മഞ്ഞപ്പടക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത അഡ്രിയാൻ ലൂണ പോസ്റ്റ് ലക്ഷ്യമാക്കി നിറയൊഴിച്ചു. എന്നാൽ ഗോളിക്ക് മുന്നിൽ ഡ്രിൻസിച് നടത്തിയ സമ്മർദ്ദം ഫലംകണ്ടു. വഴുതി നിലത്തുവീണ പന്ത് കൃത്യമായി വലയിലേക്ക് പ്ലേസ് ചെയ്ത് ഡ്രിൻസിച്(2-1) മുന്നിലെത്തിച്ചു. ഗോൾവീണതോടെ ഉണർന്നുകളിച്ച ബഗാൻ അധികം വൈകാതെ സമനിലപിടിച്ചു. പകരക്കാരനായി ഇറങ്ങിയ മലയാളി താരം ആഷിഖ് കുരുണിയൻ ഇടതുവിങിലൂടെ മുന്നേറി നൽകിയ പാസ് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക്. പന്ത് തട്ടിയകറ്റുന്നതിലെ പിഴവ് മുതലെടുത്ത് ജെയ്‌സൻ കമ്മിൻസിന്റെ ടച്ച് വലയിലേക്ക്(2-2). ഒടുവിൽ മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ ആൽബർട്ടോ റോഡ്രിഗസിന്റെ വെടിച്ചില്ല് ഗോൾ ബ്ലാസ്‌റ്റേഴ്‌സ് വലതുളച്ചുകയറി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News