ചോരയില്‍ തൊട്ടുകളിക്കാതിരിക്കൂ; ആരാധകരോട് ഉപദേശവുമായി യുര്‍ഗന്‍ ക്ലോപ്പും എറിക് ടെന്‍ഹാഗും

Update: 2024-04-06 12:50 GMT
Editor : safvan rashid | By : Sports Desk
Advertising

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ തീപാറും പോരാട്ടമാണ്. ലോകമെമ്പാടും ആരാധകരുള്ള രണ്ട് ചെമ്പടകള്‍ ഏറ്റുമുട്ടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ പോരിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ ലിവര്‍പൂളിനാകില്ല. ഒരു സമനിലയോ തോല്‍വിയോ പോലും കിരീട സാധ്യതകളെ പിന്നോട്ട് വലിക്കും. തങ്ങളുടെ ഏറ്റവും മോശം സീസണുകളിലൊന്നിലൂടെ കടന്നുപോകുന്ന യുണൈറ്റഡിനാകട്ടെ, ആരാധകരെത്തണുപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും ഈ ജയം അത്യാവശ്യവുമാണ്. ആവേശം വാനോളമുയരുമ്പോള്‍ ആരാധകര്‍ക്കിടയില്‍ പോരിനും സാധ്യതയേറെയാണ്.

എന്നാല്‍ മത്സരത്തിന് മുമ്പേ ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ആരാധകര്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പും യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗും. രണ്ടു ടീമുകളുടെയും ആരാധകര്‍ അല്‍പ്പം നിലവാരം കാത്തുസൂക്ഷിക്കണമെന്നാണ് ക്ലോപ്പ് മുന്നറിയിപ്പ് നല്‍കിയത്.പോയ മാസം നടന്ന എഫ്.എ കപ്പില്‍ ലിവര്‍പൂളിനെതിരെ വിജയിച്ചതിന് പിന്നാലെ വിവാദ ചാന്റസ് പാടിയതിന്റെ പേരില്‍ രണ്ട് യുണൈറ്റഡ് ആരാധകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഓരോ ലിവര്‍പൂള്‍ ആരാധകരും വേദനയോടെ ഓര്‍ക്കുന്ന ഹില്‍സ് ബ്രോ ദുരന്തത്തെ പരഹസിച്ചുകൊണ്ടുള്ള ചാന്റ്‌സാണ് യുണൈറ്റഡ് ആരാധകര്‍ പാടിയത്. 1989 ഏപ്രില്‍ 15ന് നടന്ന എഫ്.എ കപ്പില്‍ ലിവര്‍പൂള്‍ നോട്ടിങ്ഹാം ഷെയര്‍ മത്സരത്തിനിടെയാണ് ഹില്‍സ് ബ്രോ ലിവര്‍പൂള്‍ ആരാധകരുടെ ചോരയില്‍ മുങ്ങിയത്. മത്സരത്തിന് കിക്കോഫിന്റെ മുന്നോടിയായുള്ള തിക്കിലും തിരക്കിലും ഇടയില്‍ പെട്ട് 97 പേരാണ് മരണത്തിന് കീഴടങ്ങിയത്. 766 പേര്‍ക്ക് മാരകമായ പരിക്കുകളുമേറ്റു. പൊലീസ് ലിവര്‍പൂള്‍ ആരാധകരുടെ അച്ചടക്ക രാഹിത്യമാണ് മരണത്തിന് കാരണമെന്ന രീതിയില്‍ കഥകള്‍ പുറത്തിറക്കിയെയെങ്കിലും നിയന്തിക്കുന്നതില്‍ സൗത്ത് യോര്‍ക്ക് ഷെയര്‍ പൊലീസിനുണ്ടായ പരാജയമാണ് മരണത്തിന് കാരണമെന്ന് അപകടത്തെക്കുറിച്ച് അന്വേഷിച്ച ടെയ്‌ലര്‍ റിപ്പോര്‍ട്ട് അടിവരയിട്ട് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് മാറ്റിവെച്ച മത്സരം ഒരു മാസത്തിന് ശേഷം പുനസംഘടിപ്പിക്കുകയും ലിവര്‍പൂള്‍ വിജയിക്കുകയും എഫ്.എ കപ്പ് കിരീടം നേടുകയും ചെയ്തിരുന്നു. ഈ ദുരന്തത്തെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള ചാന്റുകള്‍ ലിവര്‍പൂള്‍ ആരാധകരെ ക്ഷുഭിതരാക്കിയിരുന്നു.

ഇതുപോലെ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദുരന്ത കഥ യുണൈറ്റഡിനുമുണ്ട്. മ്യൂണിക് ദുരന്തത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 1958 ഫെബ്രുവരി ആറിനായിരുന്നു കാല്‍പന്ത് ചരിത്രത്തിലെ ആ കറുത്തദിനം. യൂഗോസ്ലോവ്യന്‍തലസ്ഥാനമായ ബെല്‍ഗ്രേഡിലുള്ള മത്സരത്തിന് ശേഷം യുണൈറ്റഡ് താരങ്ങളുമായി മടങ്ങിയ വിമാനം ഇന്ധനം നിറക്കാനായി ജര്‍മന്‍ നഗരമായ മ്യൂണിക്കില്‍ ഇറങ്ങി. ടേക്ക് ഓഫിനായി കുതിച്ച വിമാനം റണ്‍വേയിലെ ചെളിയില്‍ പുതയുകയും തീപിടിക്കുകയും ചെയ്തു. 20 യാത്രക്കാര്‍ തല്‍ക്ഷണം മരണത്തിന് കീഴടങ്ങി. മൂന്നുപേര്‍ പിന്നീട് മരണപ്പെട്ടു. മരിച്ചവരില്‍ എട്ടുപേര്‍ മാഞ്ച്‌സറ്റര്‍ യുണൈറ്റഡിന്റെ വിഖ്യാതമായ ബുസ്ബി ബേബസ്് എന്ന് വിളിക്കപ്പെട്ട ടീം അംഗങ്ങള്‍. ഓരോ കാല്‍പന്ത് ആരാധകനും വേനനയോടെ ഓര്‍ക്കുന്ന ഈ ദുരന്തത്തെ എതിരാളി മാഞ്ച്സ്റ്റര്‍ യുണൈറ്റഡ് ആരാധകരെ വേദനിപ്പിക്കാനായി ചാന്റ്‌സായി ചെല്ലാറുണ്ട്.

കളിക്കിടയിലുള്ള ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരായി ലിവര്‍പൂള്‍ എഫ്.സി ഫൗണ്ടേഷനും മാഞ്ച്‌സറ്റര്‍ യുണൈറ്റഡ് ഫൗണ്ടേഷനും രംഗത്തെത്തിയിരിക്കുന്നു. ദുരന്തങ്ങളെ ഓര്‍മിപ്പിക്കുന്ന ചാന്റുകള്‍ ചൊല്ലുന്നതെിരെ യുവാക്കളെ ബോധവല്‍ക്കരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ക്ലബിലെ മുന്‍താരങ്ങളുടെയും രണ്ട് പ്രവിശ്യകളിലെയും മേയര്‍മാരുടെ പിന്തുണയും ഇതിനുണ്ട്.

ഇതിന് പിന്നാലെയാണ് ക്ലോപ്പ് തന്നെ ഇതിനെതിരെ രംഗത്തെത്തുന്നത്. ക്ലോപ്പ് പറഞ്ഞിങ്ങനെ -രണ്ടു ക്ലബും ലോകത്തിലെ വലിയ ടീമുകളാണ്. ഇത്തരം സമയങ്ങളില്‍ കുറച്ച് നിലവാരം കാണിക്കേണ്ടതുണ്ട്. അത്തരം ചാന്റുകള്‍ പാടരുത്. പിച്ചില്‍ പന്തുതട്ടിക്കൊണ്ട് പോരാടാം. സമാനമായിത്തന്നെയാണ് ടെന്‍ഹാഗിന്റെയും പ്രതികരണം. ലോകത്തെ മഹത്തായ കായികപ്പോരാട്ടങ്ങളിലൊന്നായ മത്സരത്തിന്റെ അന്തസത്ത കളയരുതെന്നും അത്തരം ചാന്റുകള്‍ ഇല്ലാതിരിക്കുമെന്ന് ഞാനും യുര്‍ഗനും വിശ്വസിക്കുന്നതായും ടെന്‍ഹാഗ് കൂട്ടിച്ചേര്‍ത്തു. എഫ്.എ കപ്പിലെ തോല്‍വിയില്‍ നിന്നും പാഠം പഠിച്ചെന്നും മത്സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്നും കൂടി സൂചിപ്പിച്ചാണ് ക്ലോപ്പ് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചത്.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News