മാഞ്ചസ്റ്ററിന് ജയം; കിരീടത്തിനായി സിറ്റി ഇനിയും കാത്തിരിക്കണം
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. 34 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 70 പോയിന്റാണ് ഉള്ളത്
പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ് വിജയം. ആസ്റ്റൺ വില്ലക്ക് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
24ആം മിനുട്ടിൽ ട്രയോരെയുടെ വക ആയിരുന്നു ആസ്റ്റൺ വില്ലയുടെ ഗോൾ. ആദ്യ പകുതിയിൽ ഈ ഗോളിന് മറുപടി പറയാൻ യുണൈറ്റഡിനായില്ല. എന്നാൽ രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ പോഗ്ബ നേടി തന്ന പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് വലയിൽ എത്തിച്ചു.
നാലു മിനുട്ടുകൾക്കകം യുണൈറ്റഡ് ലീഡിലും എത്തി. വലതു വിങ്ങിൽ നിന്ന് വാൻ ബിസാക നൽകിയ പാസ് സ്വീകരിച്ച് പെട്ടെന്നുള്ള ടേണിലൂടെ ആസ്റ്റൺ വില്ല ഡിഫൻസിനെ കബളിപ്പിച്ച ഗ്രീൻവുഡ് ഇടം കാലൻ ഗ്രൗണ്ടറിലൂടെ പന്ത് വലയിൽ എത്തിച്ചു.87ആം മിനുട്ടിലെ കവാനി ഗോൾ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. റാഷ്ഫോർഡിന്റെ ക്രോസിൽ നിന്ന് ഒരു മനോഹരമായ ഹെഡറിലൂടെ കവാനി പന്തിനെ വലയിലേക്ക് നയിക്കുകയായിരുന്നു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. 34 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 70 പോയിന്റാണ് ഉള്ളത്. ഈ വിജയത്തോടെ കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റി ഇനിയും കാത്തിരിക്കേണ്ടി വരും.