'ഇത് നെയ്മർ തന്നെയാണോ'; തടി കൂടിയതിൽ നെയ്മറെ ട്രോളി ആരാധകർ

കാൽമുട്ടിലെ ലിഗമെന്റിലുണ്ടായ വിള്ളലാണ് മൂന്ന് മാസത്തിലേറെയായി താരത്തെ കളിക്കളത്തിൽ നിന്ന് മാറ്റിനിർത്തിയത്

Update: 2024-02-17 16:44 GMT
Editor : Sharafudheen TK | By : Web Desk
Advertising

റിയാദ്: കാൽമുട്ടിലെ പരിക്കിനെ തുടർന്ന് ദീർഘകാല ചികിത്സക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ റിയാദിൽ മടങ്ങിയെത്തിയത്. തന്റെ ടീമായ അൽ-ഹിലാൽ വലിയ സ്വീകരണമാണ് താരത്തിനായി വിമാനത്താവളത്തിൽ ഒരുക്കിയത്. കഴിഞ്ഞ ഒക്ടബോറിന് ശേഷം വീണ്ടും ട്രെയിനിങിന് ഇറങ്ങവെ താരത്തെ ട്രോളി ആരാധകർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

32കാരന് തടി കൂടിയെന്നാണ് ആരാധകരുടെ പ്രധാന ആശങ്ക. 'ഇത് നെയ്മർ തന്നെയാണോ, കളി നിർത്താറായി' തുടങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. ഫുട്‌ബോളിൽ നിന്ന് വിരമിച്ച് കുതിരസവാരിക്ക് ഇറങ്ങുന്നതാണ് നല്ലതെന്നും കമന്റെത്തി. മുൻ ബ്രസീലിയൻ താരം റൊണാൾഡോ റൊസാരിയോയോട് സാമ്യമുണ്ടെന്നും പലരും പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ 90 മില്യൺ യൂറോക്കാണ് സൗദി ക്ലബ് അൽ-ഹിലാലുമായി നെയ്മർ കരാറിലെത്തിയത്.  എന്നാൽ ക്ലബിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. നിരന്തര പരിക്ക് കരിയറിനെ ബാധിച്ചു. അവസാനം കാൽമുട്ടിലെ ലിഗമെന്റിലുണ്ടായ വിള്ളലാണ് മൂന്ന് മാസത്തിലേറെയായി കളിക്കളത്തിൽ നിന്ന് മാറ്റിനിർത്തിയത്. യുറുഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയായിരുന്നു മാരകമായി പരിക്കേറ്റത്. വേദനകൊണ്ട് പുളയുന്ന താരത്തിന്റെ വീഡിയോ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. നിലവിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിലടക്കം മോശം ഫോമിൽ തുടരുന്ന ബ്രസീലിനും നെയ്മറിന്റെ തിരിച്ചുവരവ് പ്രതീക്ഷ നൽകുന്നതാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News