'പറങ്കിപ്പട തയ്യാർ'; സൗഹൃദ മത്സരത്തിൽ നൈജീരിയയെ തകർത്ത് പോർച്ചുഗൽ
നവംബർ 24നാണ് പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം
ലിസ്ബൺ: ലോകകപ്പിന് മുൻപായുള്ള സൗഹൃദ മത്സരത്തിൽ നൈജീരിയയെ എതിരില്ലാത്ത നാല് ഗോളിന് തകർത്ത് പോർച്ചുഗൽ. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാറി നിന്നെങ്കിലും ആഫ്രിക്കൻ കരുത്തൻമാരുടെ മേൽ പൂർണ ആധിപത്യം പുലർത്തിയായിരുന്നു പോർച്ചുഗലിന്റെ കളി.
9ാം മിനിറ്റിൽ വല കുലുക്കി ബ്രൂണോയാണ് ഗോൾവേട്ട തുടങ്ങിയത്. പിന്നാലെ 35ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ബ്രൂണോ ലീഡ് ഉയർത്തി. ബോക്സിനുള്ളിൽ നൈജീരിയൻ താരത്തിന്റെ കയ്യിൽ ബെർണാഡോ സിൽവയുടെ ക്രോസ് തട്ടിയതിനെ തുടർന്നാണ് പെനാൽറ്റി ലഭിച്ചത്.
82ാം മിനിറ്റിൽ അരങ്ങേറ്റക്കാരൻ ഗോൺസാലോ റാമോസിലൂടെയാണ് പോർച്ചുഗലിന്റെ മൂന്നാമത്തെ ഗോൾ. രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ജാവോ മരിയോയിലൂടെ പോർച്ചുഗൽ നാലാം നേടി.
വയറ്റിലെ അണുബാധയെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ നൈജീരിയക്കെതിരെ ഇറങ്ങിയില്ല. നവംബർ 24നാണ് പോർച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് എതിരാളികൾ.