പഞ്ചാബിന് ബ്ലാസ്റ്റേഴ്‌സ് പഞ്ച്; ഡല്‍ഹിയില്‍ ഒരു ഗോൾ വിജയം
പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെയും വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകമനോവിച്ചിന്റെയും അഭാവത്തിലാണ് മഞ്ഞപ്പടയുടെ വിജയം
ന്യൂഡൽഹി: എവേ ഗ്രൗണ്ടിലെ തുടർതോൽവികൾക്കൊടുവിൽ ഡൽഹിയിലെ കൊടുംതണുപ്പിൽ മഞ്ഞപ്പടയുടെ തിരിച്ചുവരവ്. ഐ ലീഗ് ചാംപ്യന്മാരായ പഞ്ചാബ് എഫ്.സിയെ അവരുടെ ഹോംഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം തോൽപിച്ചത്. പരിക്കേറ്റ് പുറത്തായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെയും വിലക്ക് നേരിടുന്ന കോച്ച് ഇവാൻ വുകമനോവിച്ചിന്റെയും അഭാവത്തിലാണ് ഡൽഹിയിൽ മഞ്ഞപ്പടയുടെ വിജയം. മറുവശത്ത് ആദ്യ ഐ.എസ്.എൽ ജയത്തിനായുള്ള പഞ്ചാബിന്റെ സ്വപ്‌നം നീളുകയാണ്.
50-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നത്. മുഹമ്മദ് ഐമനെ പെനാൽറ്റി ബോക്‌സിൽ വീഴ്ത്തിയതിന് തുറന്നുകിട്ടിയ സുവർണാവസരം. കിക്കെടുത്ത ഡയമന്റകോസ് പന്ത് അനായാസം വലയിലാക്കി. സീസണിലെ അഞ്ചാം ഗോളാണ് താരം സ്വന്തം പേരിലാക്കിയത്. 54-ാം മിനിറ്റിൽ വിബിന്റെ ഫ്രീകിക്ക് ഷോട്ടും ലെസ്‌കോവിച്ചിന്റെ ഹെഡറും ബാറിൽ തട്ടിത്തെറിച്ചു.
ആദ്യ ഗോൾ വീണ ശേഷം തിരിച്ചടിക്കാൻ പഞ്ചാബ് പലതവണ ആഞ്ഞുപിടിച്ചെങ്കിലും ഒന്നും വിജയം കണ്ടില്ല. ലൂകയുടെ ഹെഡറും വിൽമർ ജോർദന്റെ ഷോട്ടുകളുമെല്ലാം ലക്ഷ്യംതെറ്റിപ്പോയി. 65-ാം മിനിറ്റിൽ പ്രീതം കോട്ടാലിന്റെ ഷോട്ട് മികച്ചൊരു സേവിലൂടെ പഞ്ചാബ് ഗോൾകീപ്പർ കിരൺ തടുത്തിട്ടു.
88-ാം മിനിറ്റിൽ പഞ്ചാബിന്റെ ഭാഗത്തുനിന്ന് മികച്ചൊരു ആക്രമണനീക്കം മിലോസ് ഡ്രിങ്കിച്ചിന്റെ അവസരോചിതമായൊരു ഹെഡറിൽ തകർന്നു. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽനിന്ന് വിൽമർ ജോർദാൻ തൊടുത്തുവിട്ട ഷോട്ടും ഡ്രിങ്കിച്ച് നിർവീര്യമാക്കി.
ബ്ലാസ്‌റ്റേഴ്‌സിന്റെ നിരവധി നീക്കങ്ങൾ കണ്ട ആദ്യ പകുതിയിൽ പക്ഷെ ഇരുഭാഗത്തും ഗോളൊന്നും പിറന്നില്ല. രണ്ടാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമത്തിനു തുടക്കമിട്ടിരുന്നു. മുഹമ്മദ് ഐമൻ നൽകിയ പാസിൽനിന്ന് ക്വാമി പെപ്രയുടെ മിന്നലാക്രണം. ക്രോസ് ഷോട്ട് പഞ്ചാബ് പോസ്റ്റിൽ തട്ടിത്തെറിച്ചു. 12-ാം മിനിറ്റിൽ പഞ്ചാബിന്റെ ലൂക്കയ്ക്കുനേരെയുള്ള വിബിൻ മോഹന്റെ ഫൗളിൽനിന്ന് പഞ്ചാബിനു മുന്നിൽ ഒരു ഫ്രീകിക്ക് അവസരം തുറന്നുലഭിച്ചെങ്കിലും മുതലാക്കാനായില്ല.
വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റഴ്‌സ്. ഗോവയോടും മുംബൈയോടും അവരുടെ തട്ടകത്തിലേറ്റ തോൽവിയാണ് ടീമിനു തിരിച്ചടിയായത്. പഞ്ചാബിനെതിരായ ജയത്തോടെ എവേ ശാപം തീർന്ന ആശ്വാസത്തിൽ കൂടിയാണ് മഞ്ഞപ്പട.
Summary: Punjab FC vs Kerala Blasters Highlights