ഇന്ത്യൻ ഫുട്‌ബോളിന് സ്പാനിഷ് പരിശീലകൻ; സ്റ്റിമാച്ചിന്റെ പകരക്കാരൻ മാർക്വേസ്
2021-22 സീസണിൽ ഹൈദരാബാദ് എഫ്.സിയെ കിരീടത്തിലെത്തിച്ചിരുന്നു. അടുത്ത രണ്ട് സീസണുകളിൽ ടീമിനെ പ്ലേ ഓഫിലുമെത്തിച്ചു
ന്യൂഡൽഹി: മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ പുതിയ പരിശീലകനാകും. നിലവിൽ ഐ.എസ്.എൽ ക്ലബ് എഫ്.സി ഗോവയുടെ കോച്ചാണ്. ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാർക്വേസിന്റെ നിയമനം. നേരത്തെ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായും പ്രവർത്തിച്ചിരുന്നു. എഫ് സി ഗോവയിൽ തുടരുന്നതിനൊപ്പം തന്നെ ഇന്ത്യൻ ടീമിന്റെ പരിശീലകനുമാകുമെന്നാണ് റിപ്പോർട്ട്. 55 കാരനുമായി മൂന്ന് വർഷ കരാറിലാണ് ഓൾഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ എത്തിയത്.
ഐഎസ്എല്ലിലെ പരിശീലകരായ അന്റോണിയോ ലോപസ് ഹബാസിന്റേയും മോഹൻ ബഗാൻ പരിശീലകനായ സഞ്‌ജോയ് സെന്നിന്റേയും വെല്ലുവിളി മറികടന്നാണ് മാർക്വേസ് ഇന്ത്യൻ പരിശീലകനാകുന്നത്. വരുന്ന ഐഎസ്എല്ലിൽ ഗോവ പരിശീലകനായി തുടരുന്ന മാർക്വേസ് അവസാന രണ്ട് വർഷങ്ങളിൽ ഇന്ത്യയുടെ മുഴുവൻ സമയ പരിശീലകനാകുമെന്നാണ് സൂചന.
2021-22 സീസണിൽ ഹൈദരാബാദ് എഫ്.സിയെ കിരീടത്തിലെത്തിച്ചിരുന്നു. അടുത്ത രണ്ട് സീസണുകളിൽ ടീമിനെ പ്ലേ ഓഫിലുമെത്തിച്ചു. ഒക്ടോബറിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റാകും മാർക്വേസിന് കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ചാമ്പ്യൻഷിപ്പ്.