ലിവർപൂളും മിലാനും നേർക്കുനേർ; പുതിയ ഫോർമാറ്റിൽ ചാമ്പ്യൻസ് ലീഗ് ഇന്ന് മുതൽ
നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്, യുവന്റസ്, ആസ്റ്റൺ വില്ല, ബയേൺ മ്യൂണിക് ടീമുകളും ആദ്യദിനം കളത്തിലിറങ്ങും
ലണ്ടൻ: അടിമുടി മാറ്റങ്ങളോടെ ആരംഭിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന് ഇന്ന് തുടക്കം. ഇത്തവണ 36 ടീമുകളാണ് പ്രാഥമിക ഘട്ടത്തിൽ മത്സരിക്കുക. കഴിഞ്ഞ സീസൺ വരെ 32 ടീമുകളായിരുന്നു ടൂർണമെന്റിലുണ്ടായിരുന്നത്. ആദ്യദിനത്തിൽ ആറു മത്സരങ്ങളാണ് നടക്കുന്നത്. നിലവിലെ ചാമ്പ്യൻ റയൽ മാഡ്രിഡ്, ലിവർപൂൾ, യുവന്റസ്, ആസ്റ്റൺ വില്ല, ബയേൺ മ്യൂണിക് ടീമുകൾ പോരാട്ടത്തിനിറങ്ങും. ഇറ്റാലിയൻ കരുത്തരായ എ.സി മിലാൻ സ്വന്തം തട്ടകത്തിൽ ഇംഗ്ലീഷ് വമ്പൻമാരായ ലിവർപൂളിനെ നേരിടും. രാത്രി 12.30നാണ് മത്സരം.
🪞#UCL pic.twitter.com/To7LW0G9s4
— UEFA Champions League (@ChampionsLeague) September 17, 2024
രാത്രി 10.15ന് നടക്കുന്ന ആദ്യ മത്സരത്തിൽ യുവന്റസ് പി.എസ്.വി ഐന്തോവനെ നേരിടും. ഇതേസമയം നടക്കുന്ന മറ്റൊരു മത്സരത്തിൽ യങ്ബോയ്സും ആസ്റ്റൺ വില്ലയും ഏറ്റുമുട്ടും. റയൽ മാഡ്രിഡിന്റെ മത്സരം രാത്രി 12.30നാണ്. ജർമൻ ക്ലബായ വി.എഫ്.ബി സ്റ്റുട്ഗർട്ടാണ് എതിരാളി. ബയേൺ മ്യൂണിക് ഡൈനാമോ സഗ്രബിനെയാണ് നേരിടുന്നത്. മത്സരങ്ങൾ സോണി നെറ്റ്വർക്കിൽ തത്സമയം കാണാനാകും.
നാല് ടീമുകൾ വീതമുള്ള ഗ്രൂപ്പ് മത്സരങ്ങൾ ഇത്തവണയുണ്ടാവില്ല. പകരം എല്ലാ ടീമുകളും എട്ട് വ്യത്യസ്ത എതിരാളികളെ ആദ്യ ഘട്ടത്തിൽ നേരിടും. ഓരോ ടീമിനും നാല് ഹോം, എവേ മത്സരങ്ങളാണുണ്ടാകുക. കൂടുതൽ പോയന്റ് നേടുന്ന ആദ്യ എട്ട് ടീമുകൾ പ്രീക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടും. ഒൻപത് മുതൽ 24 വരെയുള്ള ക്ലബുകൾ പ്ലേ ഓഫ് കളിച്ച് നോക്കൗണ്ടിലേക്കെത്തും.