എക്‌സ്‌ട്രാ ത്രില്ലർ; അവസാന മിനിറ്റ് ഗോളിൽ സ്വീഡനെ തകർത്ത് യുക്രൈൻ ക്വാര്‍ട്ടറില്‍

ക്വാർട്ടറിൽ ജർമനിയെ വീഴ്ത്തിയ ഇംഗ്ലണ്ടാണ് യുക്രൈന്റെ എതിരാളികൾ

Update: 2021-06-30 04:55 GMT
Editor : abs | By : Web Desk
Advertising

ഗ്ലാസ്ഗൗ: എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴ്‌പ്പെടുത്തി യുക്രൈൻ യൂറോകപ്പ് ക്വാർട്ടറിൽ. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് (120+1) ആർടെം ഡോവ്ബികിലൂടെ യുക്രൈൻ വിജയഗോൾ നേടിയത്. 27-ാം മിനിറ്റിൽ അലക്‌സാണ്ടർ സിൻചെങ്കോവിലൂടെ യുക്രൈൻ ആണ് ആദ്യം മുമ്പിലെത്തിയത്. എന്നാൽ ആദ്യപകുതി അവസാനിക്കാൻ രണ്ടു മിനിറ്റ് മാത്രം ബാക്കി നിൽക്കെ എമിൽ ഫോസ്ബർഗിലൂടെ സ്വീഡൻ സമനില നേടി. ഇതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. ക്വാർട്ടറിൽ ജർമനിയെ വീഴ്ത്തിയ ഇംഗ്ലണ്ടാണ് യുക്രൈന്റെ എതിരാളികൾ.

99-ാം മിനിറ്റിൽ ഡിഫൻഡർ മാർക്കസ് ഡാനിയെൽസൺ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതോടെ അധികസമയത്ത് പത്തുപേരുമായാണ് സ്വീഡൻ കളിച്ചത്. യുക്രൈൻ ഡിഫൻഡർ ബെസെഡിനെതിരെ നടത്തിയ ഫൗളിനായിരുന്നു ചുവപ്പുകാർഡ്. ഇത് മുതലലെടുത്ത യുക്രൈൻ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടി. സ്വീഡൻ പ്രതിരോധത്തിലേക്ക് ഉൾവലിയുകയും ചെയ്തു. കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാനായിരുന്നു സ്വീഡന്റെ ശ്രമം. എന്നാൽ അധിക സമയത്തെ ഇഞ്ച്വറി ടൈമിലായിരുന്നു സ്വീഡന്റെ നെഞ്ചുപിളർത്തിയ ഡോവ്ബികിന്റെ ഹെഡർ ഗോൾ.

കളത്തിൽ മികച്ച ഫുട്‌ബോളാണ് ഇരുനിരകളും പുറത്തെടുത്തത്. മത്സരത്തിന്റെ 11-ാം മിനിറ്റിൽ തന്നെ യുക്രൈൻ മികച്ച ഗോളവസരം സൃഷ്ടിച്ചെങ്കിലും അത് മുതലാക്കാനായില്ല. യാരംചുക്കിന്റെ ഷോട്ട് സ്വീഡൻ ഗോൾകീപ്പർ ഓൾസൻ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ 27-ാം മിനിറ്റിൽ സ്വീഡൻ കാത്തിരുന്ന ഗോളെത്തി. ബോക്‌സിനുള്ളിൽ നിന്ന് സ്വീഡൻ ഡിഫൻഡർമാർക്ക് മുകളിലൂടെ യാർമൊലെങ്കെ നൽകിയ ക്രോസ് തകർപ്പൻ ഇടങ്കാൽ ഷോട്ടിലൂടെ സിൻചെങ്കോ വലയിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ സ്വീഡന് ലഭിച്ച ഫ്രീകിക്ക് മുഴുനീള ഡൈവ് നടത്തിയാണ് ഗോൾകീപ്പർ തട്ടിയകറ്റിയത്.

43-ാം മിനിറ്റിൽ 25 വാര അകലെ നിന്നുള്ള ഫോസ്ബർഗിന്റെ ഷോട്ടാണ് ഗോളായത്. യുക്രൈൻ താരത്തിന്റെ ദേഹത്ത് തട്ടി ദിശമാറിയാണ് പന്ത് വലയിൽ കയറിയത്. ടൂർണമെന്റിൽ ഫോസ്ബർഗിന്റെ നാലാം ഗോളായിരുന്നു ഇത്. ഇതോടെ ഒരു യൂറോയിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി ഫോബ്‌സ്ബർഗ്. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കു മുമ്പിലും പല തവണ ക്രോസ്ബാർ വിലങ്ങുതടിയായി. കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി എന്ന ഘട്ടത്തിലാണ് വിജയഗോളെത്തിയത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News