'എന്തൊരു നാണക്കേട്'; ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയതിനെ വിമർശിച്ച് പങ്കാളി ജോർജിന

റൊണോൾഡോക്ക് പകരമെത്തിയ ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളിനാണ് പോർച്ചുഗൽ സ്വിറ്റ്‌സർലൻഡിനെ വീഴ്ത്തിയത്.

Update: 2022-12-07 12:31 GMT
Editor : abs | By : Web Desk
Advertising

ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്‌സർലൻഡിനെതിരെയുള്ള പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണോൾഡോയെ പുറത്തിരുത്തിയ പോർച്ചുഗൽ കോച്ചിന്റെ തീരുമാനത്തെ വിമർശിച്ച് പങ്കാളി ജോർജിന റോഡ്രിഗസ്. ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തെ നാണക്കേട് എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലാണ് ജോർജിനയുടെ പ്രതികരണം.

'അഭിനന്ദനങ്ങൾ പോർച്ചുഗൽ. പതിനൊന്നു കളിക്കാരും ദേശീയഗാനം ചൊല്ലുമ്പോൾ എല്ലാ കണ്ണുകളും നിങ്ങളിലായിരുന്നു. ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ 90 മിനിറ്റും ആസ്വദിക്കാൻ കഴിയാത്തത് എന്ത് നാണക്കേടാണ്. നിനക്കു വേണ്ടി ആരാധകർ ആർത്തുവിളിച്ച് ആവശ്യപ്പെടുന്നത് നിർത്തിയിട്ടില്ല. ദൈവവും നിന്റെ സുഹൃത്ത് (ബ്രൂണോ) ഫെർണാണ്ടോയും കൂടെ നിന്ന് ഒരു രാത്രി കൂടി ഞങ്ങളെ പ്രകമ്പനം കൊള്ളിക്കും എന്നാണ് പ്രതീക്ഷ.' - അവർ ഇൻസ്റ്റഗ്രാമിൽ എഴുതി.

റൊണോൾഡോക്ക് പകരമെത്തിയ യുവതാരം ഗോൺസാലോ റാമോസിന്റെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളിനാണ് പോർച്ചുഗൽ സ്വിറ്റ്‌സർലൻഡിനെ വീഴ്ത്തിയത്. മത്സരം കാണാൻ ആരാധകർക്കൊപ്പം ജോർജിനയും സ്‌റ്റേഡിയത്തിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

പ്രശ്‌നങ്ങളില്ലെന്ന് കോച്ച്

റോണോയ്ക്ക് പകരം റാമോസിനെ കളത്തിലിറക്കാനുള്ള തീരുമാനം ടീം തന്ത്രങ്ങളുടെ ഭാഗമാണെന്ന് കോച്ച് സാന്റോസ് പറഞ്ഞു. ക്യാപ്റ്റനുമായി ഒരു തരത്തിലുള്ള അസ്വാരസ്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'റൊണോൾഡോയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. അതങ്ങനെ ആയിരിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് അവൻ. ടീമിന്റെ നായകനും. കൂട്ടായാണ് ഞങ്ങൾ തീരുമാനമെടുക്കുന്നത്. മാനേജറും കളിക്കാരനുമിടയിലെ കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നത് ശരിയല്ല. എന്റെ റോൾ എല്ലാ സമയത്തും ഞാൻ പരിഗണിക്കുന്നു. അദ്ദേഹം ടീമിലെ പ്രധാനപ്പെട്ട താരമാണ്' - കോച്ച് കൂട്ടിച്ചേർത്തു.

ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെയാണ് പോർച്ചുഗൽ സ്വിസ് നിരയെ കീഴടക്കിയത്. റാമോസിന് പുറമേ, വെറ്ററൻ താരം പെപെ, റഫേൽ ഗ്വറീറോ, റഫേൽ ലിയാവോ എന്നിവരാണ് മറ്റു ഗോൾ സ്‌കോറർമാർ. മാന്വൽ അകൻജിയാണ് സ്വിറ്റ്‌സർലൻഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News