ഇറാൻ അമേരിക്കയ്ക്ക് സമ്മാനിച്ച വെളുത്ത പനിനീർ പൂക്കൾ; ആ മത്സരത്തിന്റെ കഥ

'എല്ലാ മത്സരങ്ങളുടെയും മാതാവ്, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയച്ചൂടുള്ള മത്സരം' എന്ന പേരിലെല്ലാം ഇക്കളി പിന്നീട് അറിയപ്പെട്ടു.

Update: 2022-11-29 15:42 GMT
Advertising

1998 ജൂൺ 21. കളത്തിനു പുറത്തുള്ള കളികൾ കൊണ്ടാണ് അന്ന് ലോകം ലിയോൺ നഗരത്തിലെ ഡെ ഗെർലാൻഡ് മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കിയത്. ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ മുഖാമുഖം നിൽക്കുന്നത് യുഎസും ഇറാനും. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം ആ രാജ്യവുമായി അമേരിക്ക നയതന്ത്ര ബന്ധം വിച്ഛേദിച്ചതു മാത്രമല്ല, ഇറാൻ-ഇറാഖ് പ്രശ്‌നത്തിൽ ഇറാഖിന് നൽകിയ പിന്തുണയും പിരിമുറുക്കത്തിന് ബലം കൂട്ടി. അതിനു പുറമേ, കളി കലക്കാൻ തെമ്മാടിക്കൂട്ടങ്ങൾ കൂട്ടത്തോടെ ടിക്കറ്റെടുത്തിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ.

ഒടുവിൽ കളിവിളക്കു തെളിഞ്ഞു. എല്ലാവരെയും സ്തബ്ധരാക്കി, മത്സരത്തിന് മുമ്പുള്ള ചടങ്ങിൽ തൂവെള്ള പനിനീർ പൂക്കളുമായാണ് ഇറാനിയൻ കളിക്കാർ മൈതാനത്തെത്തിയത്. വൈരം മറന്ന് രണ്ടു ടീമുകളും ഫോട്ടോക്ക് പോസ് ചെയ്തു. മുൻ താരം കൂടിയായ സെയ്ദ് ജലാൽ തലെബിയുടെ പരിശീലനത്തിന് കീഴിലാണ് ഇറാൻ തന്ത്രങ്ങൾ ആവിഷ്‌കരിച്ചത്. അലിദേയി, ഖുദാദാദ് അസീസി, ഹാമിദ് എസ്തിലി, കരിം ബഗേരി തുടങ്ങി ഒരുപിടി താരങ്ങൾ. മറുവശത്ത് സ്റ്റീവ് സംപ്സണിന്റെ നേതൃത്വത്തിൽ യുഎസ് താരങ്ങൾ. ബുന്ദസ് ലിഗ ക്ലബ് ബയർ ലെവർകുസന് കളിച്ചു പരിചയമുള്ള തോമസ് ഡൂലി ആയിരുന്നു ക്യാപ്റ്റൻ. താബ് റാമോസ്, കോബി ജോൺസ്, എഡ്ഡി പോപ്, ക്ലാഡിയോ റെയ്ന... പോരാട്ടം ആവേശകരമാക്കാനുള്ള വിഭവങ്ങൾ ഇരുഭാഗത്തും സജ്ജമായിരുന്നു. തിരശ്ചീനമായി നീലയും ചുവപ്പും വരയുള്ള വെള്ളക്കുപ്പായത്തിലായിരുന്നു യുഎസ്. ചെങ്കുപ്പായത്തിൽ ഇറാനും.

കളിയുടെ എട്ടാം മിനിറ്റിൽ ഇറാൻ മിഡ്ഫീൽഡർ മെഹ്ർദാദ് മിനാവന്ദിനും പതിനെട്ടാം മിനിറ്റിൽ യുഎസിന്റെ ഡേവിഡ് റിഗിസിനും സ്വിറ്റ്സർലൻഡുകാരനായ റഫറി ഉർസ് മീർ സുയി മഞ്ഞക്കാർഡ് കാണിച്ചത് കളി പരുക്കനാകുകയാണോ എന്ന സന്ദേഹമുണ്ടാക്കി. അതിനിടെ, 41-ാം മിനിറ്റിൽ ഇറാൻ ഗോൾ നേടി. ഹാമിദ് റസ എസ്തിലിയുടെ തകർപ്പൻ ഹെഡറിലൂടെയാണ് അവർ ലക്ഷ്യം കണ്ടത്. ഏകപക്ഷീയമായ ഒരു ഗോളിന് കളി ഇറാൻ സീൽ ചെയ്യുമെന്ന് തോന്നിച്ച വേളയിൽ മെഹ്ദി മഹ്ദവികിയയിലൂടെ രണ്ടാം ഗോളും വന്നു. 87-ാം മിനിറ്റിലായിരുന്നു യുഎസിന്റെ ആശ്വാസ ഗോൾ. ബ്രിയൻ മക്ബ്രൈഡിന്റെ വക.

'എല്ലാ മത്സരങ്ങളുടെയും മാതാവ്, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയച്ചൂടുള്ള മത്സരം' എന്ന പേരിലെല്ലാം ഇക്കളി പിന്നീട് അറിയപ്പെട്ടു. ചരിത്ര വിജയത്തിനു ശേഷം ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ജനങ്ങൾ മതിമറന്നു നൃത്തം ചെയ്തു. അക്കളിയിൽ വിജയിച്ചെങ്കിലും ഇറാനോ യുഎസോ ഗ്രൂപ്പ് എഫിൽ നിന്ന് അവസാന പതിനാറിലേക്ക് യോഗ്യത നേടിയില്ല. ഗ്രൂപ്പിൽനിന്ന് ജർമനിയും യുഗോസ്ലോവ്യയുമാണ് പ്രീക്വാർട്ടറിലെത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News