‘അവിടെയും കണ്ടു, ഇവിടെയും കണ്ടു’; ഒരേസമയം ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകളിൽ ഉൾപ്പെട്ട് മത്തേവൂസ് മെയ്ന
ലണ്ടൻ: ഒരു താരം രണ്ട് രാജ്യങ്ങൾക്കായി കളിക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ഒരു താരം ഒരേ സമയം പ്രഖ്യാപിച്ച രണ്ട് ദേശീയ ടീമുകളിൽ ഉൾപ്പെട്ടാലോ?. പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന്റെ അക്കാഡമി താരമായ മത്തേവൂസ് മെയ്നയാണ് ഇംഗളണ്ടിന്റെയും പോർച്ചുഗലിന്റെയും അണ്ടർ 18 ടീമുകളിൽ ഒരേ സമയം ഉൾപ്പെട്ടത്.
പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച മെയ്ന കുട്ടിക്കാലത്ത് തന്നെ ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അതുകൊണ്ടുതന്നെ മെയ്നക്ക് രണ്ടു രാജ്യങ്ങൾക്കായും കളിക്കാനുള്ള യോഗ്യതയുണ്ട്. മികച്ച ഫോമിൽ പ്രീമിയർ ലീഗിന്റെ രണ്ടാം ഡിവിഷനിൽ പന്തുതട്ടുന്ന മെയ്നയിൽ രണ്ടുരാജ്യക്കാർക്കും കണ്ണുണ്ട്.
സ്പെയിനിൽ നടക്കുന്ന ചതുർരാഷ്ട്ര അണ്ടർ 18 ടൂർണമെന്റിനുള്ള ഇംഗ്ലീഷ് ടീമിൽ മെയ്ന ഉൾപ്പെട്ടിരുന്നു. അടുത്ത വെള്ളിയാഴ്ച സ്വീഡനുമായാണ് ആദ്യ മത്സരം. എന്നാൽ തുർക്കിയയുമായി നടക്കുന്ന മത്സരത്തിനായി പ്രഖ്യാപിച്ച പോർച്ചുഗൽ ടീമിലും മെയ്ന ഉൾപ്പെട്ടതോടെയാണ് വാർത്തയായത്. അണ്ടർ 17 തലത്തിൽ പോർച്ചുഗലിനായി കളിച്ച താരം ഈ വർഷം സെപ്റ്റംബറിൽ ഇംഗ്ലണ്ടിനായാണ് ബൂട്ട് കെട്ടിയത്. ഇംഗ്ലണ്ട് ജഴ്സിയിൽ ആദ്യ മത്സരം കളിച്ചത് പോർച്ചുഗലിനെതിരെ ആണെന്നതും കൗതുകമാണ്.
ഏതായാലും താരം നിലവിൽ ഇംഗ്ലണ്ടിനായി കളിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരു രാജ്യങ്ങൾക്കും താൽപര്യമുള്ളതിനാൽ തന്നെ ഭാവിയിൽ ഏത് തെരഞ്ഞെടുക്കും എന്ന കാര്യത്തിൽ താരത്തിനും സംശയമുണ്ട്.
സീനിയർ ടീമിൽ ഒരു രാജ്യത്തിനായി കളിച്ച താരത്തിന് മറ്റൊരു രാജ്യത്തിനായി കളത്തിലിറങ്ങാൻ സാധിക്കില്ല. ആദ്യത്തെ രാജ്യത്തിനായി സൗഹൃദ മത്സരത്തിൽ മാത്രമാണ് കളിച്ചതെങ്കിൽ മാത്രമേ രാജ്യം മാറാൻ കഴിയൂ.