ജയിച്ചേ തീരൂ... ലോകകപ്പിനു മുമ്പത്തെ നിർണായക മത്സരത്തിന് ഇന്ന് പോർച്ചുഗൽ
ജയിക്കാൻ കഴിഞ്ഞാൽ ഈ വർഷം ഖത്തറിൽ പോർച്ചുഗലിനെ കാണാം. തോറ്റാൽ ലോകകപ്പ് ടിക്കറ്റിന് മറ്റൊരു അവസരമില്ല.
പോര്‍ട്ടോ: ഈ വർഷത്തെ ഫുട്ബോൾ ലോകകപ്പിനുള്ള നിർണായക യോഗ്യതാ മത്സരത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നിറങ്ങുന്നു. ക്വാളിഫൈയിങ് പ്ലേഓഫ് ഫൈനലിൽ ഇന്ന് രാത്രിയാണ് പറങ്കികൾ നോർത്ത് മാസിഡോണിയയെ നേരിടുന്നത്. ജയിക്കാൻ കഴിഞ്ഞാൽ ഈ വർഷം ഖത്തറിൽ പോർച്ചുഗലിനെ കാണാം. തോറ്റാൽ ലോകകപ്പ് ടിക്കറ്റിന് മറ്റൊരു അവസരമില്ല. പോര്‍ട്ടോയിലെ ഡ്രാഗന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഇന്ത്യൻ സമയം അർധരാത്രി 12.15 ന് പോർട്ടോയിലെ എസ്താദിയോ ദൊ ദ്രഗാവോയിലാണ് മത്സരത്തിന്റെ കിക്കോഫ്. തുർക്കിക്കെതിരായ ക്വാളിഫൈയിങ് മത്സരത്തിലെ മികച്ച വിജയവും സ്വന്തം കാണികൾക്കു മുന്നിൽ കളിക്കുന്നതിന്റെ ആത്മവിശ്വാസവും പറങ്കികൾക്ക് മാനസിക ആധിപത്യം നൽകുമ്പോൾ കരുത്തരായ ഇറ്റലിയെ കെട്ടുകെട്ടിച്ചതിന്റെ പെരുമയിലാണ് നോർത്ത് മാസിഡോണിയക്കാരുടെ വരവ്.
യൂറോപ്യൻ മേഖലയിൽ നിന്നുള്ള യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയാതിരുന്നതോടെയാണ് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും പ്ലേഓഫ് കളിക്കേണ്ടി വന്നത്. നിർണായകമായ അവസാന മത്സരത്തിൽ സെർബിയയോട് തോറ്റതോടെയാണ് അവർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. പോർട്ടോയിൽ നടന്ന പ്ലേഓഫിൽ പൊരുതിക്കളിച്ച തുർക്കിയെ 3-1 ന് തകർത്ത പറങ്കികൾ ലോകകപ്പ് യോഗ്യതാ സാധ്യത സജീവമാക്കി.
ഗ്രൂപ്പ് ജെയിൽ കരുത്തരായ റൊമാനിയയെയും ഐസ്ലാന്റിനെയുമൊക്കെ പിറകിലാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് നോർത്ത് മാസിഡോണിയ പ്ലേഓഫിനെത്തിയത്. യോഗ്യതാ റൗണ്ടിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായ ജർമനിയെ അവരുടെ നാട്ടിൽ 1-2 ന് തകർക്കാൻ കഴിഞ്ഞത് ബ്ലഗോയ മിലേവ്സ്‌കി പരിശീലിപ്പിക്കുന്ന സംഘത്തിന് നിർണായകമായി. പ്ലേ ഓഫിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് നോർത്ത് മാസിഡോണിയ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ കവർന്നത്.
പ്ലേഓഫ് ഫൈനലിൽ ഇറ്റലിയെ നേരിടേണ്ടി വരുമെന്ന് കരുതിയിരുന്ന പോർച്ചുഗലിന് താരതമ്യേന ദുർബലരായ നോർത്ത് മാസിഡോണിയ എളുപ്പമുള്ള എതിരാളികളാകുമെന്നാണ് കരുതുന്നത്. എന്നാൽ, ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനുമെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഈ അവസരം പാഴാക്കാൻ ഒരുക്കമല്ലെന്നും കോച്ച് ബ്ലഗോയ മിലേവ്സ്‌കി പറയുന്നു.
'ഈ പ്ലേ ഓഫ് ഗ്രൂപ്പിലെ മറ്റ് ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ഞങ്ങൾ വളരെ ചെറിയ ടീമായിരുന്നു. പ്ലേ ഓഫ് ഫൈനലിൽ ഞങ്ങൾ കളിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ അവസരത്തിൽനിന്ന് ഞങ്ങൾക്ക് ഒളിച്ചോടാനാകില്ല. മികച്ച നിലയിലാണ് ഞങ്ങൾ. ഒരു സന്ദേശമേ നൽകാനുള്ളൂ: ഈ നിമിഷം ആസ്വദിച്ച് ഒരു മികച്ച ടീമിനെതിരെ കളിക്കാനുള്ള അവസരം മുതലെടുക്കുക' - മിലേവ്സ്‌കി കൂട്ടിച്ചേർത്തു. കളിയിൽ പോർച്ചുഗലാണ് ഫേവറേറ്റുകൾ എന്നും എന്നാൽ അതിൽ ആകുലതയില്ലെന്നും അദ്ദേഹം പറഞ്ഞു.
200,2014 വർഷങ്ങളിലും ലോകകപ്പ് കളിക്കാൻ പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നിരുന്നു. 2014ൽ സ്വീഡനെ 4-2ന് തോൽപ്പിച്ചാണ് (അഗ്രഗേറ്റ്) പറങ്കികൾ യോഗ്യത നേടിയത്. നാലു ഗോളും നേടിയത് റൊണാൾഡോയായിരുന്നു. ആ മാജിക് ഇന്നും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് പോര്‍ച്ചുഗല്‍ ആരാധകര്‍.