'നിങ്ങൾ ജയിക്കില്ല'; മെസിയുടെ തോളിൽ തട്ടി സൗദി താരം പറഞ്ഞു
മത്സരത്തിൽ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസിയോട് ഇത് പറഞ്ഞത്
ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന സൗദിയോട് ഞെട്ടിക്കുന്ന തോൽവിയായിരുന്നു ഏറ്റുവാങ്ങിയത്. ഒരു ഗോളിന് മുന്നിൽ നിന്നതിന് ശേഷമായിരുന്നു മെസിപടയുടെ തോൽവി. മത്സരത്തിന് പിന്നാലെ ഇപ്പോൾ വൈറലാകുന്നത് സൗദി അറേബ്യൻ പ്രതിരോധ താരം അലി അൽ ബുലൈഹി മെസിയുടെ തോളിൽ തട്ടി പറഞ്ഞ വാക്കുകളാണ്. 'നിങ്ങൾ വിജയിക്കില്ല' എന്നായിരുന്നു ബുലൈഹി മെസിയോട് പറഞ്ഞത്.
മത്സരത്തിൽ സൗദി 2-1 ന് മുന്നിലെത്തിയതിന് പിന്നാലെയാണ് ബുലൈഹി മെസിയോട് ഇത് പറഞ്ഞത്. മത്സരശേഷം ഇക്കാര്യം അൽ-ബുലൈഹി സമ്മതിക്കുകയും ചെയ്തു. ദി ഗോൾ ഡോട് കോമിനോട് നടത്തിയ അഭിമുഖത്തായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മത്സരത്തിൽ സൗദി മുന്നിൽ നിൽക്കുമ്പോൾ അലി അൽ ബുലൈഹി പിന്നിൽ നിന്ന് മെസിയുടെ തോളിൽ തട്ടി എന്തോ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബുലൈഹി സംസാരിക്കുമ്പോൾ മെസി ചെറുതായി ചിരിക്കുന്നതും കാണാം. തുടർന്ന് അർജന്റീനിയൻ ടീമംഗങ്ങൾ അദ്ദേഹത്തിന് അടുത്തെത്തുന്നതും ദൃശ്യത്തിലുണ്ട്. മത്സരം അവസാനിക്കാൻ 35 മിനിറ്റുകൾ ബാക്കി നിൽക്കെയാണ് സംഭവം. മത്സരം ശേഷമായിരുന്നു മെസിയോട് എന്താണ് പറഞ്ഞതെന്ന് ബുലൈഫി വ്യക്തമാക്കിയത്.
അതേസമയം, ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയെങ്കിലും അർജന്റീന കൂടുതൽ കരുത്തോടെ തിരികെവരുമെന്ന് മെസി പറഞ്ഞു. ഫാൻസിനോട് ഞങ്ങളെ വിശ്വസിക്കണമെന്നാണ് അഭ്യർത്ഥന. ഈ ഗ്രൂപ്പ് നിങ്ങളെ ഒരിക്കലും നിരാശരാക്കില്ലെന്നും മെസ്സി പറഞ്ഞു. അഞ്ച് മിനിറ്റിൽ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒരുമിച്ച് തിരിച്ചുവരാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.