ത്രില്ലർ പോരിൽ മുഹമ്മദൻസിനെ കീഴടക്കി ബെംഗളൂരു; ജയം അവസാന മിനിറ്റിൽ
ജയത്തോടെ ബെംഗളൂരു എഫ്.സി 20 പോയന്റുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു
കൊൽക്കത്ത: ഐഎസ്എൽ ത്രില്ലർ പോരാട്ടത്തിൽ ബെംഗളൂരു എഫ്.സിക്ക് ജയം. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് മുഹമ്മദൻസിനെ 2-1നാണ് കീഴടക്കിയത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ (90+9) സുനിൽ ഛേത്രിയുടെ ഉയർന്നുചാടിയുള്ള ഹെഡ്ഡർ മുഹമ്മദൻസ് താരം ഫ്‌ളോറന്റ് ഒഗിയറിന്റെ ദേഹത്ത് തട്ടി വലയിൽ കയറുകയായിരുന്നു. 82ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും ഛേത്രി ഗോൾനേടി. 8ാം മിനിറ്റിൽ ലോബി മൻസോകിയാണ് മുഹമ്മദൻസിനായി ആദ്യ ഗോൾ നേടിയത്.
മുഹമ്മദൻസ് തട്ടകമായ കിഷോർഭാരതി സ്‌റ്റേഡിയത്തിൽ തുടക്കം മുതൽ ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംപിടിച്ചു. മുന്നേറി കളിച്ച ബെംഗളൂരുവിനെ ഞെട്ടിച്ച് ലീഡെടുത്തത് മുഹമ്മദൻസായിരുന്നു. എട്ടാം മിനിറ്റിൽ കസിമോവിന്റെ അസിസ്റ്റിൽ ലോബി മൻസൊകി ഗോൾനേടി. ആദ്യ പകുതിയിൽ ഗോൾ മടക്കാനുള്ള ബെംഗളൂരു ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച് നിർത്താൻ ആതിഥേയർക്കായി.
രണ്ടാംപകുതിയിലും ബെംഗളൂരു ആക്രമണത്തെ തടഞ്ഞുനിർത്തുകയായിരുന്നു മുഹമ്മദൻസ് ലക്ഷ്യം. എന്നാൽ 82ാം മിനിറ്റിൽ സന്ദര്ശകര്ർക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കൃതൃമായി ലക്ഷ്യത്തിലെത്തിച്ച് (82) ബെംഗളൂരു നായകൻ ഛേത്രി സമനിലയിലാക്കി. ഒടുവിൽ കളിയുടെ അവസാന മിനിറ്റിൽ ബോക്‌സിലേക്ക് ഉയർന്നുവന്ന പന്ത് ഉയർന്ന് ചാടിയുള്ള ഛേത്രിയുടെ ഹെഡ്ഡർ ഫ്‌ളോറിയന്റിന്റെ ദേഹത്ത് തട്ടി വലയിൽ. ജയത്തോടെ പോയന്റ് ടേബിളിൽ ബെംഗളൂരു ഒന്നാംസ്ഥാനം നിലനിർത്തി