രണ്ട് മിനിറ്റിൽ മൂന്ന് റെഡ് കാർഡ്, രണ്ട് ഗോൾ; നാടകാന്തം യുണൈറ്റഡ് സെമിയിൽ

എഫ്.എ കപ്പ് സെമിയിൽ ബ്രൈറ്റണാണ് യുണൈറ്റഡിന്റെ എതിരാളികൾ

Update: 2023-03-20 05:41 GMT
Advertising

മാഞ്ചസ്റ്റര്‍: രണ്ട് മിനിറ്റിൽ മൂന്ന് റെഡ് കാർഡും രണ്ട് ഗോളും പിറന്ന ആവേശകരമായ പോരാട്ടത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.എ കപ്പ് സെമിയിൽ. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് ഇരട്ട ഗോൾ കണ്ടെത്തി. മാഞ്ചസ്റ്ററിന്‍റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തിൽ ഫുൾഹാം പരിശീലകനും രണ്ട് താരങ്ങളും ചുവപ്പ് കാർഡ് കണ്ടു.

ഗോൾ പിറക്കാത്ത ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 50ാം മിനിറ്റിൽ മിത്രോവിച്ചിലൂടെ ഫുൾഹാമാണ് ആദ്യം മുന്നിലെത്തിയത്. മത്സരത്തിന്റെ 75ാം മിനിറ്റിൽ യുണൈറ്റഡ് തിരിച്ചടിച്ചു. മൈതാനത്തിന്റെ വലതുവിങ്ങിലൂടെ കുതിച്ച ബ്രസീലിയൻ താരം ആന്റണി പന്തിനെ ജേഡൻ സാഞ്ചോക്ക് നീട്ടി. ഗോൾവലയെ ലക്ഷ്യമാക്കി സാഞ്ചോ ഉതിർത്ത ഷോട്ട് ഫുൾഹാം താരം വില്യന്റെ കയ്യിൽ കൊണ്ടതിനെ തുടർന്ന് റഫറി പെനാൽട്ടി വിധിച്ചു. ബ്രൂണോ ഫെർണാണ്ടസ് പന്ത് വലയിലെത്തിച്ച് യുണൈറ്റഡിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.

ഹാൻഡ് ബോളിന് വില്യന് ചുവപ്പ് കാർഡ് നൽകിയതിനെതിരെ പ്രതിഷേധിച്ച മിത്രോവിച്ചിനും കോച്ച് മാർകോ സിൽവക്കും റഫറി റെഡ് കാർഡ് നൽകി. ഒമ്പത് പേരായി ചുരുങ്ങിയ ഫുൾഹാമിനെതിരെ രണ്ട് മിനിറ്റിനുള്ളിൽ യുണൈറ്റഡ് വീണ്ടും വലകുലുക്കി. മാർസൽ സബിറ്റസറാണ് യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. ഒടുക്കം ഇഞ്ചുറി ടൈമിലെ അവസാന മിനിറ്റിൽ ബ്രൂണോ ഫെർണാണ്ട്‌സ് ഒരിക്കൽ കൂടി ഫുൾഹാം വലകുലുക്കി യുണൈറ്റഡിന്റെ ജയം പൂർണമാക്കി. ബ്രൈറ്റണാണ് സെമിയിൽ യുണൈറ്റഡിന്റെ എതിരാളികൾ

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News