രഞ്ജി ട്രോഫിയിൽ പിടിമുറുക്കി കേരളം; ഹരിയാനക്ക് ബാറ്റിങ് തകർച്ച, 139-7
പത്തുവിക്കറ്റ് വീഴ്ത്തിയ അൻഷുൽ കാംബോജിന്റെ മികവിലാണ് ഹരിയാന കേരളത്തെ 291 റൺസിന് ഔൾഔട്ടാക്കിയത്.
റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനക്കെതിരെ പിടിമുറുക്കി കേരളം. സന്ദർശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 291 റൺസിന് മറുപടിയായി ബാറ്റിങിനിറങ്ങിയ ഹരിയാന മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 139-7 എന്ന നിലയിലാണ്. 29 റൺസുമായി നിശാന്ത് സിന്ധുവും ഒരു റണ്ണുമായി ജയന്ത് യാദവുമാണ് ക്രീസിൽ. കേരളത്തിനായി എംഡി നിധീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ കേരളത്തെ 291 റൺസിൽ ഓൾഔട്ടാക്കിയ ശേഷം ബാറ്റിങിനിറങ്ങിയ ആതിഥേയരുടെ തുടക്കം മികച്ചതായില്ല. സ്‌കോർ 38ൽ നിൽക്കെ ഓപ്പണർ യുവരാജ് യോഗേന്ദ്ര സിങിനെ(20) എൻ.പി ബേസിൽ ആക്ഷയ് ചന്ദ്രന്റെ കൈകളിലെത്തിച്ചു. പിന്നാലെ ലക്ഷ്യ സുമൻ ദയാലിനെ(21) ബേസിൽ തമ്പി വീഴ്ത്തിയതോടെ ഹരിയാന പ്രതിരോധത്തിലായി.
ക്യാപ്റ്റൻ അങ്കിത് കുമാറും(27), എച്ച് ജെ റാണയും(17) ചേർന്ന് 32 റൺസ് കൂട്ടുകെട്ടിലൂടെ സ്‌കോർ 80ൽ എത്തിച്ചെങ്കിലും റാണയെ റണ്ണൗട്ടാക്കി സൽമാൻ നിസാർ സന്ദർശകർക്ക് ബ്രേക്ക് ത്രൂ നൽകി. ധീരു സിങ്(7), കപിൽ ഹൂഡ(9) എന്നിവരും അതിവേഗം കൂടാരം കയറിയതോടെ ഹരിയാന വലിയ തകർച്ച നേരിട്ടു.
മൂന്നാം ദിനം എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിൽ ബാറ്റിങ് തുടർന്ന കേരളം ആറു റൺസ് ചേർക്കുന്നതിനിടെ ഓൾഔട്ടായി. ഇന്നലെ എട്ടു വിക്കറ്റുമായി കേരളത്തെ തകർത്ത അൻഷുൽ കാംബോജ് രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി ഇന്നിങ്‌സിലെ മുഴുവൻ വിക്കറ്റും പിഴുത് അപൂർവ്വനേട്ടം സ്വന്തമാക്കി.