'നന്ദി ഡീഗോ, സ്വര്‍ഗത്തില്‍ നിന്ന് ഞങ്ങളെ പ്രോല്‍സാഹിപ്പിച്ചതിന്'; ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി

തന്‍റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക് ഒരുപാട് സന്തോഷങ്ങളും അല്‍പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും താരം കുറിച്ചു

Update: 2022-12-21 02:35 GMT
Advertising

36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ച ശേഷം ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് നായകന്‍ ലയണല്‍ മെസ്സി. തികച്ചും വൈകാരികമായ കുറിപ്പുമായാണ് മെസ്സി പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ നന്ദിപ്രകടനം.

തന്‍റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക്  ഒരുപാട് സന്തോഷങ്ങളും അല്‍പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും തുടങ്ങുന്ന കുറിപ്പില്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കും സഹതാരങ്ങള്‍ക്കുമെല്ലാം ഹൃദയത്തില്‍ തൊടുന്ന നന്ദി കുറിച്ചാണ് താരം എഴുത്ത് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിനൊപ്പം ലോകകപ്പ് ജയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ കരിയര്‍ യാത്രയുടെ ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോയും മെസ്സി പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി പന്തുതട്ടുന്ന ഗ്രാൻഡോളി എഫ്.സി ജൂനിയറിലെ ആദ്യ കാല വീഡിയോകളും 2014 ലോകകപ്പ് കലാശപ്പോരില്‍ തോറ്റ് വികാരാധീനനായി മടങ്ങുന്ന മെസ്സിയെയും ഖത്തറില്‍ ഒടുവില്‍ കിരീടം ചൂടിനില്‍ക്കുന്ന താരത്തേയും വീഡിയോയില്‍ കാണാം.

ലയണൽ മെസ്സിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ഗ്രാൻഡോളിയില്‍ നിന്ന് ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷത്തോളമെടുത്തിട്ടുണ്ടാകണം. ഈ കാല്‍പ്പന്ത് ഒരുപാട് സന്തോഷങ്ങളും അല്‍പാല്‍പ്പം സങ്കടങ്ങളും എനിക്ക് സമ്മാനിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ലോക ചാമ്പ്യനാകുക എന്നത് ഞാനെന്നും സ്വപ്നം കണ്ട കാര്യമാണ്, ഞാന്‍ അതിനായുള്ള ശ്രമങ്ങള്‍ ഒരിക്കലും അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.

ഈ കിരീടം അവര്‍ക്കും കൂടിയുള്ളതാണ്, മുന്‍ ലോകകപ്പിൽ ഞങ്ങള്‍ക്ക് കിരീടം നഷ്ടപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരുടേത് കൂടി... അന്ന് ഞങ്ങൾക്കൊപ്പം ടീമിലുണ്ടായിരുന്നവരുടെ പ്രചോദനവു പ്രോത്സാഹനവും കൊണ്ടുകൂടിയാണ് ഇന്ന് ഈ കപ്പുയര്‍ത്തി ഞാനടക്കമുള്ള താരങ്ങള്‍ നില്‍ക്കുന്നത്. 2014 ബ്രസീല്‍ ലോകകപ്പില്‍ ഫൈനൽ വരെ അവർ കിരീടത്തിനായി അതിനായി പോരാടി, കഠിനാധ്വാനം ചെയ്തു, എന്നെപ്പോലെ അവരും അത് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു, അതിനാൽ അവർക്കെല്ലാം തന്നെ ഈ കിരീടനേട്ടത്തിന് അർഹതയുണ്ട്.

ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ദുരന്തനിമിഷങ്ങളിലം ഞങ്ങൾ അതിന് അർഹരായിരുന്നു. ഈ നേട്ടത്തിനായി സ്വർഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ജയത്തിലും തോല്‍വിയിലും മുഴുവന്‍ സമയവും ടീമിന്‍റെ ബെഞ്ചിലിരുന്ന് സമയം ചെലവഴിച്ചവരും ഈ നേട്ടം അര്‍ഹിക്കുന്നുണ്ട്.

എല്ലാവരും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോഴും, അതിനായി ഞങ്ങൾ ഒരുപാട് ശ്രമിച്ചു. തീർച്ചയായും, ഈ മനോഹരമായ സംഘത്തെക്കൊണ്ടാണ് ഞങ്ങള്‍ അത് നേടിയെടുത്തത്. ടെക്നിക്കല്‍ ടീമും ടീമിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ യാത്ര എളുപ്പമാക്കാൻ രാവും പകലുമില്ലാതെ അധ്വാനിച്ചു.

പലപ്പോഴും തോല്‍വിയെന്നത് ജീവിതയാത്രയുടെ ഭാഗമാണ്, തിരിച്ചടികളില്ലാതെ വിജയം നേടുക എന്നത് അസാധ്യമാണ്. എല്ലാവരോടുമായി എന്‍റെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു. നമുക്ക് ഒരുമിച്ച മുന്നോട്ടുപോകാം, അർജന്‍റീനാാ...

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News