''അവര്‍ ജയിക്കാന്‍ പോവുന്നില്ല''; മുന്‍ പാക് താരത്തിന്‍റെ ആരോപണങ്ങള്‍ക്ക് ഷമിയുടെ വായടപ്പന്‍ മറുപടി
''ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം എടുത്ത് നോക്കുക. പാകിസ്താൻ അതിന് അടുത്തെങ്ങുമില്ല''
''ഇന്ത്യ ബാറ്റ് ചെയ്യുമ്പോൾ പന്ത് സാധാരണ പോലെയായിരിക്കും. എന്നാൽ ഇന്ത്യൻ ബോളർമാർ പന്തെറിയാൻ തുടങ്ങുന്നതോടെ മികച്ച സ്വിങ്ങും സ്വീമും കിട്ടുന്നു. ഒന്നുകിൽ ഐ.സി.സി അല്ലെങ്കിൽ ബി.സി.സി.ഐ, അതുമല്ലെങ്കിൽ അമ്പയർമാർ. ആരോ ഇന്ത്യയെ സഹായിക്കുന്നുണ്ട് എന്നുറപ്പാണ്''- ലോകകപ്പ് സമയത്ത് ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനകളിൽ ഒന്നായിരുന്നു ഇത്. മുൻ പാക് താരം ഹസൻ റാസയുടേതായിരുന്നു ഈ വലിയ കണ്ടുപിടുത്തം. റാസയുടെ ഗുരതരാരോപണത്തിനെതിരെ പാക് താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തി.
എന്നാല്‍ റാസ അവിടം കൊണ്ടൊന്നും അവസാനിപ്പിച്ചില്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ മത്സരത്തില്‍ ഡി.ആര്‍.എസ്സില്‍ തിരിമറി നടന്നു എന്ന ആരോപണവുമായി റാസ വീണ്ടും രംഗത്തെത്തി. മുഹമ്മദ് ഷമി നേടിയ ഒരു വിക്കറ്റുമായി ബന്ധപ്പെട്ടായിരുന്നു റാസയുടെ പുതിയ ആരോപണം. വാൻഡർ ഡസന്റെ വിക്കറ്റ് അമ്പയര്‍മാര്‍ അന്യായമായി അനുവദിച്ചതാണെന്ന് റാസ ആരോപിച്ചു.
''ലോകകപ്പില്‍ ഡി.ആർ.എസ് സാങ്കേതിക വിദ്യയുടെ അവസ്ഥയെന്താണ്. വാൻഡർഡസന് ഷമിയെറിഞ്ഞ പന്ത് വന്ന് കുത്തുന്നത് ലെഗ് സ്റ്റംപിന് നേർക്കാണ്. എങ്ങനെയാണ് മിഡിൽ സ്റ്റംപിലേക്ക് അത് പെട്ടെന്ന് തിരിഞ്ഞത്. അത് അസാധ്യമാണെന്ന് എല്ലാവർക്കും അറിയാം. ഡി.ആർ.എസിൽ നടത്തുന്ന ഈ തിരിമറി ഉറപ്പായും അന്വേഷിക്കണം''- റാസ പറഞ്ഞു.
ഇപ്പോഴിതാ ലോകകപ്പ് കാലത്ത് റാസ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. വിമര്‍ശനമുന്നയിക്കുന്ന പാക് താരങ്ങള്‍ ക്രിക്കറ്റിനെ തമാശയായി കാണുകയാണെന്നും അസൂയ മൂലമാണീ വിമര്‍ശനങ്ങളെന്നും ഷമി പറഞ്ഞു.
''അവർ ക്രിക്കറ്റിനെ തമാശയായി കാണുന്നുവെന്ന് ഈ ആരോപണണങ്ങളിൽ നിന്നൊക്കെ നമുക്ക് മനസ്സിലാവും. അഭിനന്ദനങ്ങൾ ഏറെ ലഭിക്കുമ്പോൾ നമുക്ക് സന്തോഷമുണ്ടാവും. എന്നാൽ തോറ്റു കഴിഞ്ഞാലോ, ചതിക്കപ്പെട്ടു എന്ന് തോന്നും. ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം എടുത്ത് നോക്കുക. പാകിസ്താൻ അതിന് അടുത്തെങ്ങുമില്ല. അസൂയ കാരണമാണ് ഇക്കൂട്ടർ ഇതൊക്കെ പറയുന്നത്. അസൂയ വച്ച് കളിക്കാനിറങ്ങിയാൽ ജയിക്കാൻ പോവുന്നില്ല''- ഷമി പറഞ്ഞു.
നേരത്തേ പാക് ഇതിഹാസം വസീം അക്രം റാസയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ലോകത്തിന് മുന്നിൽ തങ്ങളെ പോലുള്ളവരെ അപഹാസ്യരാക്കരുതെന്നാണ് വസീം അക്രം റാസയോട് പറഞ്ഞത്. നേരത്തേ വസീം അക്രമിന്‍റെ വാക്കുകളയെങ്കിലും വിശ്വാസത്തിലെടുക്കണമെന്ന് റാസയോട് ഷമി പറഞ്ഞിരുന്നു.