രാഹുലേ... അത് വേണായിരുന്നോ ?

ലൂക്ക മജ്സന് ആറ് മുതൽ എട്ട് ആഴ്ച വരെ ഇനി കളത്തിലിറങ്ങാനാവില്ലെന്ന് പഞ്ചാബ് എഫ്.സി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു

Update: 2024-09-19 09:43 GMT

rahul kp

Advertising

കേരള ബ്ലാസ്‌റ്റേഴ്‌സ് പഞ്ചാബ് എഫ്.സി പോരാട്ടത്തിന്റെ 97ാം മിനിറ്റ്. ബ്ലാസ്റ്റേഴ്‌സ് ഹാഫിൽ പന്തിനായുള്ള കുതിപ്പിലായിരുന്നു ലൂക്ക മജ്‌സൻ. പെട്ടെന്ന് വലതുവിങ്ങിൽ നിന്ന് രാഹുൽ കെ.പി പാഞ്ഞെത്തി. ലൂക്ക പന്ത് തൊടും മുമ്പേ രാഹുൽ അയാളെ മൈതാനത്തിടിച്ചിട്ടു. ഇടിയുടെ ആഘാതത്തിൽ പഞ്ചാബ് താരം തെറിച്ച് വീണു. പിന്നെ പഞ്ചാബ് ഡഗ്ഗൗട്ട് ഒന്നടങ്കം രാഹുലിന് നേരെ മുരണ്ടടുക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. രാഹുൽ ബോധപൂർവം നടത്തിയ ഫൗളാണത് എന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. റഫറിക്ക് മഞ്ഞക്കാർഡ് ഉയർത്താൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൈതാനം സംഘർഷ ഭരിതമായി. ചോരയൊലിക്കുന്ന ചുണ്ടുകളുമായി ലൂക്ക മൈതാനത്ത് തുടർന്നു. ഒടുവിൽ ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി പ്രഖ്യാപിച്ച ഫൈനൽ വിസിലെത്തി. കളിക്ക് ശേഷം തനിക്ക് പറ്റിയ പരിക്കിനെ കുറിച്ച് ലൂക്ക റഫറിയോട് സംസാരിക്കുന്നത് കാണാമായിരുന്നു.

രാഹുൽ നടത്തിയ ഫൗളിന്റെ ആഘാതമെത്രയാണെന്ന് ആരാധകർ അറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷമാണ്. ആ ഫൗളിൽ ലൂക്കയുടെ താടിയെല്ലിന് രണ്ട് പൊട്ടലുകൾ സംഭവിച്ചെന്ന് പഞ്ചാബ് എഫ്.സി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. താരത്തിന്റെ ശസ്ത്രക്രിയ വരും ദിവസങ്ങളിൽ നടക്കുമെന്നും ലൂക്കക്ക് ആറ് മുതൽ എട്ട് ആഴ്ച വരെ ഇനി കളത്തിലിറങ്ങാനാവില്ലെന്നും ക്ലബ്ബ് പറഞ്ഞു. ഇതോടെ സോഷ്യൽ മീഡിയയിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ അടക്കം രാഹുലിനെതിരെ തിരിഞ്ഞു. ആ ഘട്ടത്തിൽ ഒരു പ്രകോപനവുമില്ലാതെ അങ്ങനെയൊരു ഫൗളിന്റെ ആവശ്യമുണ്ടായിരുന്നോ? ഇല്ലെന്ന് തന്നെയാണ് ആരാധകരിൽ ഭൂരിഭാഗം പേരുടെയും പക്ഷം.

രാഹുലിനെതിരെ രൂക്ഷ വിമർശനമുയർത്തി ആദ്യം രംഗത്തെത്തിയത് പഞ്ചാബ് ഡയറക്ടർ നികോളസ് ടോപോലിയാറ്റിസാണ്. അകാരണമായൊരു  ഫൗളായിരുന്നു അതെന്നും അത് മൂലം തങ്ങള്‍ക്ക് തങ്ങളുടെ താരത്തിന്‍റെ സേവനം ഏറെ നാളത്തേക്ക് നഷ്ടപ്പെടുമെന്നും നികോളാസ് പറഞ്ഞു.

“വരാനിരിക്കുന്ന മത്സരങ്ങളിൽ ഞങ്ങൾക്ക് ലൂക്കയുടെ സേവനം നഷ്ടമാകുമെന്നത് ഏറെ നിർഭാഗ്യകരമാണ്. രാഹുല്‍ കെ.പിയുടെ അനാവശ്യമായ അഗ്രസീവ് ഫൗളാണ് ലൂക്കയുടെ പരിക്കിന് കാരണമായത്. ഒരു ക്ലബ് എന്ന നിലയിൽ ഞങ്ങൾ കളിയോടുള്ള ഇത്തരം അഗ്രസീവ് സമീപനങ്ങളെ ഒരിക്കലും പിന്തുണക്കില്ല. ലൂക്ക വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു'- നികോളാസ് പറഞ്ഞു. മത്സരത്തിന്‍റെ 66 ാം മിനിറ്റില്‍ മുഷാഗ ബകേംഗയുടെ പകരക്കാരനായാണ് ലൂക്ക മൈതാനത്തെത്തുന്നത്.  മൈതാനത്തിറങ്ങിയത് മുതല്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ അയാള്‍ക്കെതിരെ പ്രകോപനപരമായ ചാന്‍റുകള്‍ മുഴക്കുന്നുണ്ടായിരുന്നു. ഇടക്കൊക്കെ അത് അതിര് വിട്ടു. എന്നാല്‍ ഇത് പിന്നീട് മഞ്ഞപ്പടക്ക് തന്നെ വിനയായി. 

85 ാം മിനിറ്റില്‍ പഞ്ചാബിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി വലയിലെത്തിച്ച ലൂക്ക കോര്‍ണര്‍ ഫ്ലാഗിനടുത്തേക്ക് ഓടിയെത്തി. മൈതാനത്ത് നിന്ന് കോര്‍ണര്‍ ഫ്ലാഗ് ഊരിയെടുത്ത ശേഷം അതില്‍ തന്‍റെ ജഴ്സി ഉയര്‍ത്തിപ്പിടിച്ച് ഗാലറിയെക്കാണിച്ചാണ് അയാള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മറുപടി നല്‍കിയത്. അത് കൊണ്ടൊന്നും അയാള്‍ അവസാനിപ്പിച്ചില്ല.  91 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനായി ജീസസ് ജിമിനസ് തകര്‍പ്പനൊരു ഹെഡ്ഡര്‍ ഗോളിലൂടെ  സമനില പിടിച്ചു. പക്ഷെ പഞ്ചാബ് വിടാനൊരുക്കമായിരുന്നില്ല. കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ ഇടതുവിങ്ങില്‍ നിന്ന് ഗോള്‍മുഖത്തേക്ക് ലൂക്കയുടെ മുന്നേറ്റം. പെനാല്‍ട്ടി ബോക്സില്‍ അപ്പോള്‍ രണ്ടേ രണ്ട് ബ്ലാസ്റ്റേഴ്സ് ഡിഫന്‍റമാര്‍ മാത്രം. പെനാല്‍ട്ടി ബോക്സിന്‍റെ വലതുവശത്തേക്ക് ഓടിക്കയറിയ ക്രൊയേഷ്യന്‍ താരം ഫിലിപ് മസ്ലാക്കിന് ലൂക്ക അളന്ന് മുറിച്ചൊരു പാസ് നല്‍കി. സച്ചിന്‍ സുരേഷിനെ മറികടന്ന് ഫിലിപ് ഒരു സ്ലൈഡിങ് ഫിനിഷില്‍ അത് വലയിലാക്കി. മത്സരത്തിന് ശേഷം കലൂര്‍ ഗാലറിക്ക് മുന്നില്‍ താന്‍ നടത്തിയ സെലിബ്രേഷനെ കുറിച്ച് ലൂക്ക മനസ് തുറന്നു. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കുള്ള മറുപടിയാണ് അതെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. 

'രണ്ടാം പകുതിയിൽ പകരക്കാരന്റെ റോളിലാണ് ഞാൻ കളത്തിലെത്തിയത്. സൈഡ് ലൈനരികിൽ ഗ്രൗണ്ടിലിറങ്ങാൻ കാത്ത് നിൽക്കുമ്പോൾ തന്നെ ഗാലറി എനിക്കെതിരെ ചാന്റുകൾ മുഴക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതെനിക്ക് കൂടുതൽ ഊർജത്തിൽ കളിക്കാൻ പ്രചോദനമായി. ആദ്യ ഗോൾ നേടിയപ്പോൾ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് മറുപടി നൽകണം എന്നെനിക്ക് തോന്നി. അത് കൊണ്ടാണ് അങ്ങനെയൊരു ഗോളാഘോഷത്തിന് മുതിർന്നത്'- ലൂക്ക പറഞ്ഞു. കൊച്ചിയിൽ കളിക്കുമ്പോൾ എതിര്‍ ടീമുകളേക്കാൾ സമ്മർദം ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്കായിരിക്കും. നിറഞ്ഞു കവിഞ്ഞ സ്വന്തം സ്റ്റേഡിയത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ചിന്തിക്കാനാവില്ല. ഇതവർക്ക് അമിത സമ്മർദമുണ്ടാക്കും. ലൂക്ക കൂട്ടിച്ചേര്‍ത്തു.  നേരത്തേ ഐ ലീഗില്‍ ഗോകുലം കേരളക്കായി ബൂട്ടണിഞ്ഞിട്ടുള്ള താരമാണ് ലൂക്ക. അക്കാലത്ത് ഗോകുലത്തിന്‍റെ ഗോളടി യന്ത്രമായിരുന്നു ഈ സ്ലൊവേനിയന്‍ താരം. 

ഏതായാലും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കും മാനേജ്മെന്‍റിനും കളിക്കാര്‍ക്കുമൊന്നും ഇതൊന്നും നല്ല കാഴ്കളല്ല. കിരീടമില്ലാത്ത ഒരു പതിറ്റാണ്ടിന് ശേഷം ഒരിക്കല്‍ കൂടി കിരീടപ്പോരിന് ഇറങ്ങിയപ്പോള്‍  തോല്‍വി കണ്ട് തുടങ്ങാനായിരുന്നു മിക്കേല്‍ സ്റ്റാറേയുടെയും സംഘത്തിന്‍റെയും വിധി. പഞ്ചാബിനെതിരായ തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും വരും മത്സരങ്ങളില്‍ ടീം വിജയവഴിയിലെത്തുമെന്നുമാണ് മത്സര ശേഷം മിക്കേല്‍ സ്റ്റാറേ പ്രതികരിച്ചത്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News