ബിസിസിഐക്ക് ആശ്വാസം; ഡെക്കാൻ ചാർജേഴ്‌സിന് 4800 കോടി നൽകേണ്ടെന്ന് കോടതി
2009 ല്‍ ആദം ഗിൽക്രിസ്റ്റിന്റെ ക്യാപ്റ്റൻസിയിൽ കിരീടം നേടിയ ടീമാണ് ഡെക്കാൻ ചാർജേഴ്‌സ്
മുൻ ഐപിഎൽ ടീമായ ഡെക്കാൻ ചാർജേഴ്‌സുമായുള്ള നഷ്ടപരിഹാര കേസിൽ ബിസിസിഐക്ക് ആശ്വാസവുമായി ബോംബെ ഹൈക്കോടതി വിധി. ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ബിസിസിഐ ഡെക്കാൻ ചാർജേഴ്‌സിന് 4800 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള ആർബിറ്റേറ്ററുടെ വിധി നടപ്പിലാക്കണ്ട എന്നാണ് പുതിയ വിധി. 2009 ആദം ഗിൽക്രിസ്റ്റിന്റെ ക്യാപ്റ്റൻസിയിൽ കിരീടം നേടിയ ടീമാണ് ഡെക്കാൻ ചാർജേഴ്‌സ്. ബിസിസിഐയുമായുള്ള തർക്കങ്ങളെ തുടർന്ന് 2012 ൽ ഐപിഎല്ലിൽ നിന്ന് പുറത്തുപോയ ഡെക്കാൻ ചാർജേഴ്‌സ് നഷ്ടപരിഹാരത്തിന് വേണ്ടി കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ഇതുപോലെ പുറത്തുപോയ കേരളത്തിൽ നിന്നുള്ള ടീമായ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്ക് 850 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിരുന്നു. വിധിയിൽ അപ്പീലുമായി കോടതിയെ ബിസിസിഐ സമീപിച്ചതിനാൽ ആ കേസിലും അന്തിമ വിധി വന്നിട്ടില്ല.