'ഒരു തലമുറ ഒന്നാകെ തുടച്ചുനീക്കപ്പെട്ടു; നമ്മൾ ഇപ്പോഴും മൗനത്തിലാണ്'; ഗസ്സ ആക്രമണത്തിൽ സാനിയ മിർസ

ഗസ്സയിൽ ഇസ്രായേൽ ആക്രണം തുടരുന്നതിനിടെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നു

Update: 2023-10-29 11:54 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഒരു തലമുറ ഒന്നാകെ തുടച്ചുനീക്കപ്പെടുമ്പോഴും നമ്മൾ മൗനത്തിലാണെന്നും ആക്രമണം ഇപ്പോഴും തുടരുകയാണെന്നും സാനിയ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒരു എക്‌സ് കുറിപ്പ് പങ്കുവച്ച് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാനിയയുടെ പ്രതികരണം. മുഴുവൻ വിദ്യാർത്ഥികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനാൽ അധ്യയനവർഷം ഔദ്യോഗികമായി അവസാനിപ്പിച്ചിരിക്കുകയാണ് ഗസ്സയിലെ വിദ്യാഭ്യാസ മന്ത്രാലയമെന്ന് കുറിപ്പിൽ പറയുന്നു. ഒരു തലമുറയൊന്നാകെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ഈ വംശഹത്യ ലോകം മൗനമായി കണ്ടുകൊണ്ടിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.

ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷിക്കണമെന്ന് യാചിച്ചു നിലവിളിക്കുന്ന കുട്ടികളുടെ ശബ്ദം കേൾക്കാമെന്ന് മറ്റൊരു സ്റ്റോറിയിൽ പറയുന്നു. വിശന്നുവലഞ്ഞവരും പരിക്കേറ്റവരും ഉറക്കം നഷ്ടപ്പെട്ടവരും മാനസികസംഘർഷം നേരിടുന്നവരും ഉൾപ്പെടെയുള്ള സിവിലിയന്മാരാണു രക്ഷാപ്രവർത്തനം നടത്തുന്നതിനാൽ അവരെയൈാന്നും രക്ഷിക്കാനായിട്ടില്ലെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. 'അല്ലാഹുവേ, കരുണ കാണിക്കണം' എന്ന് ഈ പോസ്റ്റ് പങ്കുവച്ച് സാനിയ കുറിച്ചു.

അതിനിടെ, ഗസ്സയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. നാലു ഭാഗത്തുനിന്നുമുള്ള ആക്രമണങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,005 കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നതാണു പുറത്തുവരുന്ന വിവരം.

Summary: 'A whole generation wiped out, and we are silent': Sania Mirza in Israel's attack in Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News