ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിക്കൊടുത്തിട്ടും അവസരമില്ല; സ്മിത് പട്ടേൽ ഇനി അമേരിക്കൻ കുപ്പായത്തിൽ

കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് ട്രിഡന്റ്‌സിന്റെ വിളിവന്നിട്ടുണ്ട് താരത്തിന്

Update: 2021-06-02 13:39 GMT
Editor : Shaheer | By : Web Desk
Advertising

അണ്ടർ 19 ടീമിലെ മികച്ച പ്രകടനം കൊണ്ടുമാത്രം സീനിയർ ടീമിലേക്കുള്ള വാതില്‍ തുറക്കില്ലെന്നതിന് ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി ഉദാഹരണങ്ങളുണ്ട്. പ്രതിഭയ്ക്കപ്പുറം പലഘടകങ്ങളും അതിനു പിിന്നിലുണ്ട്. ഗുജറാത്തില്‍നിന്നുള്ള 28കാരന്‍ സ്മിത് പട്ടേൽ അതിന്റെ ഏറ്റവും പുതിയ തെളിവാണ്.

സ്മിത് പട്ടേൽ എന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെ അത്ര പെട്ടെന്നൊന്നും ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. 2012ലെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വിജയമുറപ്പിച്ച ഇന്നിങ്‌സ് കാഴ്ചവച്ച താരമാണ് പട്ടേൽ. നായകൻ ഉൻമുക്ത് ചന്ദുമായി ചേർന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ തീർത്ത 130 റൺസ് ഇന്ത്യൻ വിജയത്തിൽ നിർണായകമായിരുന്നു. ഉൻമുക്ത് സെഞ്ച്വറിയുമായി(111) പുറത്താകാതെ നിന്നപ്പോൾ അർധ സെഞ്ച്വറിയുമായി(62) പട്ടേലും ക്യാപ്റ്റനൊപ്പം അവസാനം വരെയും നിലയുറപ്പിച്ചു. 2008ൽ വിരാട് കോഹ്ലിയുടെ നായകത്വത്തിൽ ലോകകപ്പെടുത്ത അണ്ടർ 19 ടീമിലും പട്ടേലുണ്ടായിരുന്നു.

എന്നാൽ, തുടർന്നങ്ങോട്ട് ദേശീയ ടീമിലേക്കു വിളിയും കാത്തിരുന്ന താരത്തിനു നിരാശ മാത്രമായിരുന്നു ലഭിച്ചത്. രഞ്ജി ട്രോഫിയിൽ ഗുജറാത്ത്, ഗോവ, ത്രിപുര, ബറോഡ ടീമുകൾക്കു വേണ്ടിയെല്ലാം മാറിമാറിക്കളിച്ചിട്ടും ഒരിടത്തും ഉറച്ച അവസരങ്ങൾ ലഭിച്ചില്ല. ഐപിഎല്ലിലും ഒരൊറ്റ ടീമിന്റെ പോലും ഭാഗമാകാൻ ഭാഗ്യമുണ്ടായില്ല.

2010ൽ മാതാപിതാക്കൾ പെൻസിൽവാനിയയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുമ്പോൾ പട്ടേലിനെയും കൂടെക്കൂട്ടാൻ ഉറപ്പിച്ചതായിരുന്നു അവർ. എന്നാൽ, നാട്ടിൽ തന്നെ കഴിയാനായിരുന്നു താരത്തിന്റെ തീരുമാനം. വിരാട് കോഹ്ലിയും ഇന്ത്യയിൽ തന്നെ തുടരാൻ ഉപദേശിച്ചു. അങ്ങനെ 2012 ലോകകപ്പ് ടീമിൽ വീണ്ടും അവസരം ലഭിക്കുകയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാല്‍, പിന്നീടൊരു പുരോഗതിയും കരിയറിലുണ്ടായില്ല.

ഒടുവിൽ, ഏറെ നിരാശയോടെ ബിസിസിഐക്ക് രാജിക്കത്ത് നൽകിയിരിക്കുകയാണ് പട്ടേൽ. തന്റെ കരിയറിൽ പുതിയൊരു അധ്യായത്തിനു തുടക്കമിടാൻ പോകുകയാണ് താരം. അമേരിക്കയ്ക്കു വേണ്ടി കളിക്കാനുള്ള ഒരുക്കത്തിലാണ് പട്ടേൽ. ആദ്യഘട്ടമെന്ന നിലയ്ക്ക് കരീബിയൻ പ്രീമിയർ ലീഗിൽ(സിപിഎൽ) ബാർബഡോസ് ട്രിഡന്റ്‌സിന്റെ വിളിവന്നിട്ടുണ്ട്. ഇത്തവണത്തെ സിപിഎല്ലിൽ ട്രിഡന്റ്‌സിനു വേണ്ടി കളത്തിലിറങ്ങും.

ഇതൊരു പെട്ടെന്നുള്ള തീരുമാനമല്ലെന്നാണ് സ്മിത് പട്ടേൽ പറയുന്നത്. കഴിഞ്ഞ എട്ടുവർഷമായി സീനിയർ ടീമിൽനിന്നുള്ള വിളികാത്തു കഴിയുകയായിരുന്നു. അതു നടന്നില്ല. പിന്നീടാണ് മറ്റു കരിയർ സാധ്യതകളെക്കുറിച്ച് കഴിഞ്ഞ ഒന്നര മാസമായി ഗൗരവമായി ആലോചിക്കുന്നതും ഇപ്പോഴത്തെ തീരുമാനത്തിലെത്തുന്നതുമെന്നും പട്ടേൽ വ്യക്തമാക്കി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News