വീണ്ടും ഹാളണ്ട്; വൂൾവ്‌സിനെ വീഴ്ത്തി സിറ്റി ഒന്നാമത്

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സിറ്റിയിലെത്തിയ ഹാളണ്ട് ഏഴ് ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് ഇതിനോടകം നേടിയത്.

Update: 2022-09-17 13:48 GMT
Advertising

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. വൂൾവറാംപ്ടൺ വാണ്ടറേഴ്‌സിനെ അവരുടെ തട്ടകത്തിൽ ചെന്ന് എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് പെപ് ഗ്വാർഡിയോളയുടെ സംഘം കരുത്തുകാട്ടിയത്. ജാക്ക് ഗ്രീലിഷ്, എർലിങ് ഹാളണ്ട്, ഫിൽ ഫോഡൻ എന്നിവർ ഗോളുകൾ നേടി.

കഴിഞ്ഞയാഴ്ച സതാംപ്ടണെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ വൂൾവ്‌സ് സ്വന്തം ഗ്രൗണ്ടിൽ കടുത്ത പോരാട്ടം കാഴ്ചവെക്കുമെന്ന് കരുതിയെങ്കിലും ഒന്നാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തി. കെവിൻ ഡിബ്രുയ്‌നെയുടെ ക്രോസിൽ നിന്ന് ജാക്ക് ഗ്രീലിഷ് ആണ് ആദ്യം വലകുലുക്കിയത്. 16-ാം മിനുട്ടിൽ എർലിങ് വൂൾവ്‌സിന്‍റെ പ്രതിരോധപ്പിഴവ് മുതലെടുത്ത് മുന്നേറിയ ഹാളണ്ട് ലീഡുയർത്തി. ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നൊർവീജിയൻ താരത്തിന്റെ 11-ാം ഗോളായിരുന്നു ഇത്.

33-ാം മിനുട്ടിൽ അപകടകരമായി ഉയർന്നുചാടി ജാക്ക് ഗ്രീലിഷിന്റെ ശരീരത്തിൽ ചവിട്ടിയതിന് പ്രതിരോധതാരം നതാൻ കോളിൻസ് ചുവപ്പുകാർഡ് കണ്ട് പുറത്തായത് ആതിഥേയർക്കു തിരിച്ചടിയായി. 69-ാം മിനുട്ടിൽ ഡിബ്രുയ്‌ന്‍റെ അസിസ്റ്റിൽ ഫിൽ ഫോഡൻ ആണ് ഗോൾ പട്ടിക പൂർത്തിയാക്കിയത്. ഏഴ് മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായാണ് സിറ്റി ലീഗിൽ ലീഡ് ചെയ്യുന്നത്. ഒരു മത്സരം കുറച്ചുകളിച്ച ആഴ്‌സനൽ (15) പോയിന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഏഴാം മത്സരത്തിൽ ആഴ്‌സനൽ നാളെ ബ്രെന്‍റ്ഫോഡിനെ നേരിടും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News