ക്യാമ്പസ് പാർക്കിന് സ്റ്റാൻ സ്വാമിയുടെ പേര് നൽകാൻ കോളേജ് അധികൃതർ; പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ
ഭീമാ കൊറേഗാവ് കേസിൽ കുറ്റാരോപിതനായി ജയിലിലടക്കപ്പെട്ട സ്റ്റാന്‍ സ്വാമി കഴിഞ്ഞ ജൂലൈ അഞ്ചിനാണ് അന്തരിച്ചത്
ഭീമാ കൊറേഗാവ് കേസിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ച ഫാദർ സ്റ്റാൻ സ്വാമിയുടെ പേര് ക്യാമ്പസിനകത്തെ പാർക്കിന് നൽകാൻ കോളജ് അധികൃതർ. മംഗളൂരുവിലെ സെന്‍റ് അലോഷ്യസ് കോളജ് അധികൃതരാണ് ക്യാമ്പസിനകത്തെ പാർക്കിന് സ്റ്റാൻ സ്വാമിയുടെ പേര് നൽകാൻ തീരുമാനിച്ചത്. നിരവധി ഹിന്ദു സംഘടനകളുടെ എതിർപ്പ് നിലനിൽക്കെയായിരുന്നു കോളേജ് അധികൃതരുടെ തീരുമാനം.
അധികൃതരുടെ തീരുമാനത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത്, എ.ബി.വി.പി, ബജ്രങ്ദള്‍ തുടങ്ങി നിരവധി സംഘടനകൾ രംഗത്തുണ്ട്. പോലീസ് അർബൻ നക്‌സൽ എന്ന് വിശേഷിപ്പിച്ച സ്റ്റാൻ സ്വാമിയുടെ പേര് പാർക്കിന് നൽകാൻ കോളജ് അധികൃതരെ സമ്മതിക്കില്ലെന്ന് ബജ്രങ്ദള്‍ നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഫാദർ സ്റ്റാൻ സ്വാമിക്കെതിരെ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കോളജ് റെക്ടര്‍ ഫാദര്‍ മെല്‍വിന്‍ പിന്‍റോ അറിയിച്ചു. 'കസ്റ്റഡിയിലിരിക്കെയാണ് 84കാരനായ സ്റ്റാന്‍ സ്വാമി മരിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ട് ഒമ്പത് മാസക്കാലം നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി അദ്ദേഹം തടവറയിലായിരുന്നു. അദ്ദേഹത്തിനെതിരെ നടക്കുന്ന മനുഷ്യത്വരഹിതമായ നടപടികളില്‍ പ്രതിഷേധവുമായി നിരവധി സാമൂഹികപ്രവര്‍ത്തകരാണ് രംഗത്തെത്തിയിരുന്നത്. നിര്‍ഭാഗ്യമെന്ന് പറയട്ടെ അദ്ദേഹം യാത്രയായി' ഫാദര്‍ മെല്‍വിന്‍ പറഞ്ഞു.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് യുദ്ധത്തിന്‍റെ ഇരുനൂറാം വാര്‍ഷികത്തിലുണ്ടായ സംഘര്‍ഷങ്ങളുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്തത്. ജയിലില്‍ വലിയ നീതിനിഷേധങ്ങള്‍ നേരിട്ട അദ്ദേഹം 2021 ജൂലൈ അഞ്ചിന് കസ്റ്റഡിയിലിരിക്കെ അന്തരിച്ചു.