കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാര്‍; ലീഗില്‍ വിമതസ്വരമുയര്‍ത്തി ടി എ അഹമ്മദ് കബീര്‍
"ചിലര്‍ പറയും ഞങ്ങള്‍ക്ക് ഉറപ്പാണ്. ഇതെന്താ ആര്‍ക്കെങ്കിലും തീറെഴുതി കിട്ടിയതാണോ? ജനങ്ങളാണ് തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്"
കൊച്ചി: കളമശ്ശേരി മണ്ഡലത്തില്‍ താന്‍ മത്സരിക്കാന്‍ തയ്യാറെന്ന് മുസ്‌ലിംലീഗിന്റെ മുതിര്‍ന്ന നേതാവ് ടി എ അഹമ്മദ് കബീര്‍ എംഎല്‍എ. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. താന്‍ മത്സരിക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരമെന്നും കബീര്‍ പറഞ്ഞു. തീരുമാനം ഇന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മാറി നില്‍ക്കേണ്ട ഒരു സാഹചര്യമോ മാറ്റി നിര്‍ത്തേണ്ട ഒരു സാഹചര്യമോ ഇല്ലാതിരിക്കെ മങ്കടയില്‍ നിന്ന് എന്നെ ഒഴിവാക്കിയ സ്ഥിതിക്ക് എന്റെ നാട്ടില്‍, കളമശ്ശേരിയില്‍ നില്‍ക്കാനുള്ള എന്റെ സന്നദ്ധത പാര്‍ട്ടി പ്രസിഡണ്ടിനെയും മറ്റുള്ളവരെയും അറിയിച്ചിട്ടുണ്ട്. ഇന്നൊരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്' - കബീര്‍ പറഞ്ഞു.
'ഒരിക്കലും ഞങ്ങളെ പോലെ മുതിര്‍ന്ന ആളുകള്‍... ഞങ്ങള്‍ വളര്‍ന്നു വന്നൊരു സംസ്‌കാരമുണ്ട്. അതു വളരെ പ്രധാനമാണ്. ഇവിടെ പ്രശ്‌നം വ്യക്തിനിഷ്ഠമേ അല്ല. ജയസാധ്യതയാണ്. നമ്മള്‍ വിചാരിക്കാത്ത ആളുകളാണ് ഇവിടെ വന്നത്. അവരുടെ വികാരം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. തീരുമാനം വരട്ടെ. നെഗറ്റീവായി ഈ വിഷയത്തെ എന്നെ പോലെ ഒരാള്‍ സമീപിക്കുന്ന പ്രശ്‌നമേയില്ല. പാര്‍ട്ടിക്ക് ഗുണകരമായ തീരുമാനമാണ് പ്രതീക്ഷിക്കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനലൂരിലോ മറ്റോ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന്, 'ഒരിക്കലുമില്ല. ഇതെന്റെ നാടല്ലേ. എന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ വന്നു പറഞ്ഞ സാഹചര്യത്തില്‍ ഞാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതൊരു രാഷ്ട്രീയതീരുമാനമാണ്. നല്ലതു വരട്ടെ എന്ന് കരുതാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
' ജനങ്ങളുടെ അധികാരത്തില്‍ കൈവയ്ക്കാന്‍ പാടില്ല. ചിലര്‍ പറയും ഞങ്ങള്‍ക്ക് ഉറപ്പാണ്. ഇതെന്താ ആര്‍ക്കെങ്കിലും തീറെഴുതി കിട്ടിയതാണോ? ജനങ്ങളാണ് തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്' ഗഫൂറിന് വിജയസാധ്യതയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ വിഇ അബദുല്‍ ഗഫൂറിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ന്നത്. അബ്ദുല്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പാണ് എന്നാണ് ജില്ലാ ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടു പോകുകയാണ് ഗഫൂര്‍.