മനുഷ്യമാംസം കൊണ്ട് രുചികരമായ കറി റെഡി: എഐയുടെ പാചകക്കുറിപ്പ് കണ്ട് ഞെട്ടി ഉപയോക്താവ്, പണി പാളിയോ!

ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഒരു സൗജന്യ സേവനമായാണ് സേവി മേൽ ബോട്ട് അവതരിപ്പിച്ചതെങ്കിലും റെസിപ്പികൾ പുറത്തുവന്നതോടെ സുരക്ഷയെ ചൊല്ലി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

Update: 2023-08-12 13:50 GMT
Editor : banuisahak | By : Web Desk
Advertising

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) യുഗമാണിന്ന്. ഭൂരിഭാഗം മേഖലകളും എഐ കീഴടക്കിക്കഴിഞ്ഞു.  ഏതൊക്കെ രീതിയിൽ എവിടെയൊക്കെ എഐയെ ഉപയോഗിക്കണമെന്നാണ് ഇന്ന് വൻകിട കമ്പനികളടക്കം റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നത്. പാട്ട് പാടാൻ മുതൽ പത്രം കഴുകാൻ വരെ എഐ രംഗത്തുണ്ട്. ഇത്തരത്തിൽ പാചകരംഗത്തും വരവറിയിച്ചിരിക്കുകയാണ് എഐ. എന്നാൽ, ഇപ്പോഴും വിജയം കാണണമെന്നില്ല, ചിലപ്പോൾ മുട്ടൻ പണിയാകും ഇതുവഴി കിട്ടുക. അത്തരത്തിലൊരു സംഭവമാണ് ന്യൂയോർക്കിൽ റിപ്പോർട്ടിൽ ചെയ്യുന്നത്. 

പാചകം ചെയ്ത ശേഷം ബാക്കി വരുന്ന സാധനങ്ങൾ കൊണ്ട് പുതിയ വിഭവങ്ങൾ ഉണ്ടാക്കാനായി ന്യൂയോർക്കിൽ രൂപകൽപന ചെയ്ത 'സേവി മീൽ ബോട്ട്' എന്ന എഐ ഉപയോക്താക്കൾക്ക് കൊടുത്ത പണി ചെറുതല്ല. ന്യൂസീലൻഡിലെ ഒരു ഒരു സൂപ്പര്‍ മാർക്കറ്റ് കമ്പനിയാണ് ഈ എഐ നിർമിച്ചത്. പാചകം ചെയ്തുകഴിഞ്ഞാൽ ബാക്കിയുണ്ടാകുന്ന സാധനങ്ങൾ ഒഴിവാക്കുകയാണല്ലോ പതിവ്. എന്നാൽ, ഈ ലഭ്യമായ ചെറിയ സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ പുതിയ രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാം എന്നതായിരുന്നു പരീക്ഷണം. 

സാധാരണ അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ നൽകിയാൽ കിടിലൻ വിഭവങ്ങൾ ഉണ്ടാക്കാനുള്ള റെസിപ്പിയാണ് കിട്ടുക എന്ന് പ്രതീക്ഷിച്ച കമ്പനിക്ക് തെറ്റി. വെള്ളവും ബ്ലീച്ചും അമോണിയയും മാത്രമാണ് ഷോപ്പിലുള്ളതെങ്കിൽ എന്തുണ്ടാക്കാം എന്നാണ് കമ്പനി തേടിയത്. എന്നാൽ, സേവി മീൽ ബോട്ട് പങ്കുവെച്ചതാകട്ടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ക്ലോറിൻ വാതകം ഉണ്ടാക്കാനുള്ള റെസിപ്പിയും. അതും ഉന്മേഷദായകമായ പാനീയമെന്ന പേരിലാണ് എഐ ഇത് പങ്കുവെച്ചത്. 

ഇതൊന്നുമല്ല, മറ്റൊരു റെസിപ്പി കണ്ടാണ് എല്ലാവരും ഞെട്ടിയത്. 500 ഗ്രാം അരിഞ്ഞ മനുഷ്യമാംസം അടങ്ങിയ 'മിസ്റ്റീരിയസ് മീറ്റ് സ്റ്റ്യൂ' എന്ന പാചകക്കുറിപ്പുമായാണ് എഐ എത്തിയത്. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാൻ സഹായിക്കുന്ന ഒരു സൗജന്യ സേവനമായാണ് സേവി മേൽ ബോട്ട് അവതരിപ്പിച്ചതെങ്കിലും റെസിപ്പികൾ പുറത്തുവന്നതോടെ സുരക്ഷയെ ചൊല്ലി നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

മതിയായ നിയന്ത്രണങ്ങളില്ലാതെ ഇത്തരം ജോലികൾക്കായി എഐ ഉപയോഗിക്കുന്നതിന്റെ സുരക്ഷയെയും ഔചിത്യത്തെയും കുറിച്ചും ആളുകൾ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. സേവി മേൽ ബോട്ടിന്റെ ഈ അനുഭവം എഐ- പവർഡ് ടൂളുകളുടെ കർശനമായ നിയന്ത്രണങ്ങൾ, ഉത്തരവാദിത്തപരമായ ഉപയോഗം, നിരന്തരമായ നിരീക്ഷണം എന്നിവയുടെ അനിവാര്യമായ ആവശ്യകത വെളിച്ചത്തുകൊണ്ടുവരുന്നുവെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. എഐ കാര്യമായ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ദുരുപയോഗത്തിനുള്ള സാധ്യതയും അപ്രതീക്ഷിത പിശകുകളും കടുത്ത ആശങ്കയാണ് ഉയർത്തുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കാൻ ഇവ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. 

അതേസമയം, സേവി ബോട്ടിന്റെ ദുരുപയോഗത്തിൽ നിരാശ പ്രകടിപ്പിച്ച കമ്പനി വക്താവ് സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ മികച്ചതാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഓപ്പൺഎഐയുടെ ജിപിടി 3.5 നൽകുന്ന ഈ എഐ ബോട്ട് ഇപ്പോൾ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News