അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സേവ് ചെയ്യാനാകില്ല: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
നിലവില്‍ ഡിസപ്പിയറിങ് ഫീച്ചര്‍, ഒരൊറ്റ തവണ മാത്രം കാണാനും കേള്‍ക്കാനും കഴിയുന്ന ഫീച്ചര്‍ എന്നിവയൊക്കെ വാട്സ്ആപ്പിലുണ്ട്.
ന്യൂയോര്‍ക്ക്: ചാറ്റുകൾ കൂടുതൽ സ്വകാര്യമാക്കുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയുന്നതടക്കമുള്ള ഫീച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാനൊരുങ്ങുന്നത്.
അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി എന്നതാണ് ഫീച്ചറിന്റെ പേര്. വാട്സാപ്പിന്റെ ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം, ഐഒഎസിന്റെ അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും.
ഡിസപ്പിയറിങ് ഫീച്ചര്‍, ഒരൊറ്റ തവണ മാത്രം കാണാനും കേള്‍ക്കാനും കഴിയുന്ന ഫീച്ചര്‍ എന്നിവയൊക്കെ വാട്സ്ആപ്പിലുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിന്റ ഭാഗമായിട്ടായിരുന്നു ഇത്തരം ഫീച്ചറുകളൊക്കെ വാട്സ്ആപ്പ് കൊണ്ടുവന്നിരുന്നത്. ഇതിന്റെയൊക്കെ അഡ്വാന്‍സ്ഡ് ആയിട്ടുള്ള ഫീച്ചറായിരിക്കും വാട്സ്ആപ്പ് നടപ്പിലാക്കാനൊരുങ്ങുന്നത്.
ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്താല്‍, നിങ്ങള്‍ അയച്ച മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന് അവരുടെ ഫോണില്‍ സേവ് ചെയ്യാന്‍ സാധിക്കില്ല. മീഡിയ ഫയല്‍ ഗാലറിയിലേക്ക് സേവ് ചെയ്യാന്‍ ശ്രമിച്ചാല്‍, അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി ഓണ്‍ ആണെന്നും ഓട്ടോ-സേവ് സാധ്യമല്ലെന്നുമുള്ള അറിയിപ്പ് സ്ക്രീനില്‍ തെളിയും. നിലവിൽ ഉപയോക്താക്കളെ അവരുടെ ചാറ്റ് ഹിസ്റ്ററി മറ്റൊരാളുമായി എക്‌സ്‌പോർട്ട് ചെയ്യാൻ കഴിയും. എന്നാൽ പുതിയ ഫീച്ചര്‍ ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അതിനും തടസങ്ങളുണ്ടാകും.
അതേസമയം പുതിയ അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി ഫീച്ചറില്‍ ഇപ്പോഴും 'പണി' നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഫീച്ചറിനായി ഇനിയും കാത്തിരിക്കേണ്ടിവരും. ഇതിനകം തന്നെ നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ് ഉപയോക്താക്കളെ കയ്യിലെടുത്തിട്ടുണ്ട്.