ഫേസ്ബുക്ക് പേരൊന്ന് പുതുക്കി; നോട്ടുകൾക്ക് പകരം വന്നു ഫോൺപേയും ഗൂഗിൾ പേയും
മഹാമാരിയെ പേടിച്ച് ലോകം വീടുകൾക്ക് അകത്തേക്ക് ചുരുങ്ങിയപ്പോൾ മനുഷ്യന്റെ ഏകാന്തതയ്ക്ക് കൂട്ടായത് ടെക്നോളജിയായിരുന്നു
ടെക്നോളജിയോട് നോ പറഞ്ഞ് ഇക്കാലത്ത് ജീവിക്കുക ദുഷ്‌കരമാണ്. മഹാമാരിയെ പേടിച്ച് ലോകം വീടുകൾക്ക് അകത്തേക്ക് ചുരുങ്ങിയപ്പോൾ മനുഷ്യന്റെ ഏകാന്തതയ്ക്ക് കൂട്ടായത് ടെക്നോളജിയായിരുന്നു. വിദ്യാഭ്യാസം വരെ ഓൺലൈനിലേക്കു മാറി. ആവശ്യങ്ങൾ ടെക്നോളജി വീട്ടുപടിക്കലെത്തിച്ചു. വീടുകൾ തൊഴിലിടങ്ങളായി. ഇന്റർനെറ്റിന്റെ വേഗതയും വൈഫൈയുടെ വേഗതയുമെല്ലാം തീന്മേശയിലെ ചർച്ചാ വിഷയമായി. ഓഫീസുകളിൽ ചെയ്യുന്ന ജോലികൾ വീട്ടിൽ നിന്ന് ചെയ്യാൻ സാധിക്കുമോയെന്ന് പലരും ആദ്യം ആശ്ചര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും അതെല്ലാം സാധ്യമാണെന്ന് ഈ കോവിഡ് കാലം തെളിയിച്ചു.
പണമിടപാടുകൾക്ക് മൊബൈൽ ഫോണുകൾ ആശ്രയമായതാണ് കഴിഞ്ഞ വർഷത്തെ പ്രധാന മാറ്റങ്ങളിലൊന്ന്. 2021 ൽ 70% ആളുകളാണ് പുതുതായി ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പണമിടപാട് ആപ്പുകൾ ഉപയോഗിച്ച് തുടങ്ങിയത്. പണമിടപാട് ആപ്പുകൾ ഇന്ന് ഏതൊരു സാധാരണക്കാരനും പണത്തിന്റെ ക്രയവിക്രയത്തിന് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മാർഗമായി മാറിയിരിക്കുന്നു. പ്രതിസന്ധി നിറഞ്ഞ കാലത്തും ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്ക് അതിന്റെ മാതൃകമ്പനി നാമം പുതുക്കി. ഐഫോൺ പതിവു പോലെ ഇക്കൊല്ലവുമെത്തി. വമ്പൻ പ്രഖ്യാപനത്തോടെയെത്തിയ ജിയോ ഫോൺ നെക്സ്റ്റ് റിലയൻസിന് ക്ഷീണമുണ്ടാക്കി.
കഴിഞ്ഞ വർഷം ടെക് ലോകത്തെ വിശേഷങ്ങൾ ഇങ്ങനെ;
ഫേസ്ബുക്കിന്റെ പേരുമാറ്റം
ടെക് ഭീമൻ ഫേസ്ബുക് മാതൃകമ്പനിയുടെ പേരു മാറ്റിയത് ഏറെ ചർച്ച ചെയ്യപ്പെട്ടു. 'മെറ്റ' എന്നാണ് പുതിയ പേര്. കമ്പനിയിലെ ഡെവലപ്പർമാരുടെ വാർഷിക സമ്മേളനത്തിലാണ് സക്കർബർഗ് ഫേസ്ബുക്കിന്റെ പേരുമാറ്റം പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് ജനങ്ങൾക്കടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന മുൻ ജീവനക്കാരിയുടെ ആരോപണങ്ങൾക്ക് പിന്നിലെയായിരുന്നു ഫേസ്ബുക്കിന്റെ പേരുമാറ്റം. എന്നാൽ ആദ്യഘട്ടത്തിലുണ്ടായിരുന്ന വിമർശനങ്ങളൊന്നും പിന്നീട് ചർച്ചയാവാത്തത് ടെക്ഭീമന് ആശ്വാസമാവുകയായിരുന്നു. ആദ്യമായല്ല ഒരു ഭീമൻ സ്ഥാപനം പേര് മാറ്റുന്നത്. 2015 ൽ വമ്പൻ കമ്പനിയായ ഗൂഗിളും സമാനവഴി സ്വീകരിച്ചിരുന്നു. പേരുമാറ്റം ഫേസ്ബുക്കിന്റെ വരുമാനത്തെ വലിയരീതിയിൽ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ഐഫോൺ 13 സീരീസ്
ഐഫോൺ 13 ശ്രേണിയിൽ പുതിയ നാല് ഫോണുകളും, എയർപോഡ്, ആപ്പിൾ വാച്ച് തുടങ്ങിയവയാണ് 2021 ൽ ആപ്പിൾ അവതരിപ്പിച്ചത്. ഐഫോൺ 13, 13 മിനി, 13 പ്രോ, 13 പ്രോ മാക്സ് എന്നിങ്ങനെയാണ് നാല് വേരിയന്റുകളുടെ പേരുകൾ. ഐഫോണുകളുടെ പ്രധാനപോരായ്മയായ ബാറ്ററി ലൈഫിന് പരിഹാരം പ്രഖ്യാപിച്ചുകൊണ്ടാണ് 13-ാം തലമുറയുടെ വരവ്. ഐഫോൺ 12-നെക്കാൾ രണ്ടര മണിക്കൂർ അധിക ബാറ്ററി ലൈഫാണ് ഐഫോൺ 13-ന് ആപ്പിൾ വാഗ്ദാനം ചെയ്തത്. ഐഫോൺ 13 മിനിക്ക്, 12 മിനിയെക്കാൾ ഒന്നര മണിക്കൂറും അധിക ബാറ്ററി ലൈഫ് കമ്പനി അവകാശപ്പെടുന്നു.
ഗെയിം ഡിവൈസസ്
കോവിഡ് തീർത്ത പ്രതിസന്ധി ബാധിച്ചവരിൽ മുൻനിരയിലുള്ളത് കുട്ടികളാണ്. കൂട്ടുകാരുമായി സംസാരിക്കാനോ, കളിക്കാനോ സാധിക്കാതെ വന്നതോടെ ഗെയിമുകളുടെ ലോകത്തേക്ക് അവർ വഴുതി വീഴുകയായിരുന്നു. കുട്ടികളുടെ ഈ ശീലം മനസ്സിലാക്കി പുതുതായി എത്തിയ പല ഫോണുകളിലും ഗെയിം ട്രിഗേസ് ഉൾപ്പെടുത്തിയിരുന്നു. കോവിഡ് പ്രതിസന്ധി പതുക്കെ നീങ്ങിയെങ്കിലും ഇന്നും ഗെയിം ഡിവൈസസിന് ആവശ്യക്കാർ കൂടുതലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വൺപ്ലസ് സ്മാർട് വാച്ച്
വലിയ വിപ്ലവം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ വൺപ്ലസ് സ്മാർട് വാച്ച് മാർക്കറ്റിൽ വലിയ പരാജയമായിരുന്നു. ആപ്പുകളോ മറ്റ് സാങ്കേതിക വിദ്യകളോ ഉപയോഗിക്കാൻ സാധിക്കാത്ത വാച്ചിന്റെ ആകെയുള്ള പ്രത്യേകത അതിന് വിലകുറവാണ് എന്നത് മാത്രമായിരുന്നു.
ആപ്പിൾ ചൈൽഡ് അബ്യൂസ് ഡിറ്റെക്ഷൻ സിസ്റ്റം
കുട്ടികളെ മോശമായി ചിത്രീകരിക്കുന്നവരെ കണ്ടെത്തുന്നതിനായി ആപ്പിൾ കൊണ്ടുവന്ന സിസ്റ്റമായിരുന്നെങ്കിലും മറ്റുള്ളവരുടെ ഫോട്ടോയും വീഡിയോയും സ്‌കാൻ ചെയ്യുന്നതിലൂടെ മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി നിമയവിദഗ്ധർ ഈ സിസ്റ്റത്തെ ചൂണ്ടിക്കാട്ടിയപ്പോൾ ആപ്പിൾ അത് ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.
ജിയോഫോൺ നെക്സ്റ്റ്
സ്മാർട്ഫോൺ വിപണിയിൽ മികച്ച കുതിപ്പുണ്ടാക്കുമെന്ന് പ്രവചിച്ചിരുന്ന ജിയോയുടെ ജിയോഫോൺ നെക്സ്റ്റ് വിപണിയിലെത്തിക്കാൻ സാധിക്കാതിരുന്നാൽ കമ്പനിക്ക് നഷ്ടത്തിനൊപ്പം ചീത്തപ്പേരുമാണ് വരുത്തിവെച്ചത്. കുറഞ്ഞ നിരക്കിൽ എല്ലാ പുതിയ ഫീച്ചറുകളുമുള്ള സ്മാർട്ഫോൺ എന്നായിരുന്നു കമ്പനി വിപണിയെ അറിയിച്ചത്. എന്നാൽ ഫോൺ പുറത്തിറക്കുന്നത് കമ്പനി നീട്ടിവെക്കുകയായിരുന്നു.