ഫോട്ടോ പകർത്താം കോൾ ചെയ്യാം; റെയ്ബാൻ സ്റ്റോറീസ് പുറത്തിറങ്ങി
സ്മാർട്ട് ഗ്ലാസ്സ് അവതരിപ്പിച്ച് ഫെയ്സ്ബുക്കും റെയ്ബാനും
നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, ഫെയ്സ്ബുക്കും റെയ്ബാനും ചേർന്ന് അവതരിപ്പിക്കുന്ന സ്മാർട്ട് ഗ്ലാസ് 'റെയ്ബാൻ സ്റ്റോറീസ്' വ്യാഴാഴ്ച്ച പുറത്തിറങ്ങി. ഫോട്ടോ എടുക്കാനും വീഡിയോ പകർത്താനും കോൾ അറ്റൻ്റ് ചെയ്യാനും പാട്ട് കേൾക്കാനുമൊക്കെ കഴിയുന്ന സ്മാർട്ട് ഗ്ലാസിന് 299 ഡോളറാണ് വില ( 22,000 രൂപ )
അഞ്ച് മെഗാപിക്സൽ ഡ്യുവൽ ക്യാമറയാണ് സ്മാർട്ട് ഗ്ലാസിൻ്റെ ഏറ്റവും വലിയ ആകർഷണീയത. ഒപ്പം മൂന്ന് മൈക്രോഫോണുകളും ഒരു ഓപ്പണ്‍ ഇയർ സ്പീക്കറും അടങ്ങിയതാണ് സ്മാർട്ട് ഗ്ലാസ്സ്. 30 സെക്കൻ്റ് വരെയുള്ള വീഡിയോകളും 500 ലധികം ഫോട്ടോകളും പകർത്താനാവും.
സ്മാർട്ട് ഗ്ലാസ്സ് ഫെയ്സ്ബുക്ക് ആപ്പ് വഴി നിയന്ത്രിക്കാം. അങ്ങനെ ഉപയോക്താക്കൾക്ക് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവക്കാനാവും.
അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ഇരുപത് വ്യത്യസ്ത സ്റ്റൈലുകളിൽ 'റെയ്ബാൻ സ്റ്റോറീസ്' ഉപയോക്താക്കൾക്ക് ലഭ്യമാവും. ഒരു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാനാവുന്ന സ്മാർട്ട് ഗ്ലാസ് പൂർണ്ണമായും ചാർജ് ആയാൽ ആറ് മണിക്കൂർ നേരം ഉപയോഗിക്കാം.