'കുറഞ്ഞ വില'യിൽ ലാപ്‌ടോപ്പുമായി ജിയോ: എല്ലാവർക്കും വാങ്ങാനാകില്ല
ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങുന്ന വിലക്ക് ലാപ്‌ടോപ് എന്നാണ് ജിയോയുടെ അവകാശവാദം.ഏകദേശം 15,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
മുംബൈ: കഴിഞ്ഞ രണ്ട് വർഷമായി സാധാരണക്കാർക്ക് 'കൊക്കിലൊതുങ്ങുന്ന' ലാപ്‌ടോപ്പുകളുടെ പണിപ്പുരയിലാണ് ജിയോ. ജിയോയുടെ ലാപ്‌ടോപ്പായ 'ജിയോ ബുക്ക്' ഇപ്പോഴിതാ വിപണിയിലേക്ക് എത്തുകയാണ്. ബജറ്റ് സ്മാർട്ട്‌ഫോൺ വാങ്ങുന്ന വിലക്ക് ലാപ്‌ടോപ് എന്നാണ് ജിയോയുടെ അവകാശവാദം. ഏകദേശം 15,000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
ജിയോയുടെ 4ജി കണക്ഷനോട് കൂടിയുള്ളതാണ് ലാപ്‌ടോപ്പ്. ലാപ്‌ടോപ്പിന്റെ 5ജി കണക്ഷനോട് കൂടിയുള്ള പതിപ്പും ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജിയോബുക്ക് എല്ലാവർക്കും ലഭിക്കില്ല. സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് വേണ്ടിയാണ് ലാപ്‌ടോപ്പ് അവതരിപ്പിക്കുന്നത്. അതേസമയം മറ്റുളളവർക്ക് ജിയോബുക്ക് സ്വന്തമാക്കാനാകുമോ എന്ന അന്വേഷണങ്ങൾക്ക് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടക്കത്തില്‍ കഴിയില്ലെങ്കിലും പിന്നീട് ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാനാകുമെന്നാണ് വിവരം.
ഈ വർഷം നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോ ഈ ലാപ്‌ടോപ്പ് അവതരിപ്പിച്ചിരുന്നു. ഈ ദീപാവലിക്കാണ് ജിയോ തങ്ങളുടെ 5ജി സേവനങ്ങൾ രാജ്യത്തിന് സമർപ്പിക്കുന്നത്. അന്ന് ലാപ്‌ടോപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൽ കമ്പനി പുറത്തുവിടുമെന്നാണ് വിവരം. നിലവിൽ രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഒക്ടോബർ 1 ന് ഔദ്യോഗികമായി തുടക്കം കുറിച്ചു കഴിഞ്ഞു. ഇന്ത്യൻ നിർമിത ഉത്പന്നമാണ് ജിയോബുക്ക്. 11.6 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെയോട് കൂടിയാണ് ലാപ്‌ടോപ്പ് വരുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗണിന്റെ 665 പ്രൊസസറാണ് ലാപ്‌ടോപ്പിന് ശക്തിപകരുന്നത്.
അഡ്രിനോ 610 ജിപിയുവുമാണ് നൽകിയിരിക്കുന്നത്. അതേസമയം മോഡലിന്റെ സ്റ്റോറേജ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എച്ച്.ഡി ക്യാമറയും ഉണ്ടാകുമെന്ന് അറിയുന്നു. ലാപ്‌ടോപ്പിൽ ജിയോയുടെ ജിയോ ഒഎസ് ആയിരിക്കും. മൂന്നു മാസത്തിനുള്ളിൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ജിയോ പറയുന്നതിലും താഴെ വിലക്ക് ലാപ്ടോപ്പ് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ എന്തെല്ലാം പ്രത്യേകതകള്‍ ജിയോ ബുക്കിലുണ്ടാകും എന്നാണ് അറിയാനുള്ളത്.