ആളുകൾക്ക് ക്രോം മാത്രം മതി, 'വിറ്റുകളയണം'... ; ഗൂഗിളിന് മേൽ പിടിമുറുക്കി യുഎസ് സർക്കാർ

ഓൺലൈൻ സെർച്ച് രംഗത്ത് നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് യുഎസിന്റെ ഗൂഗിളിനെതിരായ നീക്കം.

Update: 2024-11-21 14:09 GMT
Editor : banuisahak | By : Web Desk
Advertising

എന്ത് തിരയാനും ഗൂഗിൾ ക്രോം.. എന്ത് സംശയം ഉണ്ടെങ്കിലും ഗൂഗിൾ ക്രോം.. ഇനി ഏതെങ്കിലും ലിങ്ക് ഓപ്പൺ ചെയ്യാനാണെങ്കിൽ കൂടി ഗൂഗിൾ ക്രോം തന്നെ ആശ്രയം. ഇങ്ങനെ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബ്രൗസറാണ് ഗൂഗിളിന്റെ ക്രോം. സേർച്ച് എഞ്ചിൻ ഉപയോഗിക്കുന്നവരിൽ 65 ശതമാനത്തോളം ആശ്രയിക്കുന്നത് ക്രോമിനെയാണെന്നാണ് കണക്ക്. എന്നാൽ, വൈകാതെ ക്രോമിനോട് ബൈ പറയേണ്ടി വന്നേക്കാം...കാരണമെന്തെന്നല്ലേ?

ഇൻറർനെറ്റ് സെർച്ച് മാർക്കറ്റിലും അനുബന്ധ പരസ്യങ്ങളിലും ഗൂഗിളിനുള്ള കുത്തക തകർക്കാൻ ബ്രൗസർ വിൽക്കാൻ നിർബന്ധിക്കുകയാണ് യുഎസ് സർക്കാർ. സ്റ്റാറ്റ് കൗണ്ടർ പറയുന്നതനുസരിച്ച്, ഒക്ടോബർ വരെ ആഗോള സെർച്ച് എഞ്ചിൻ വിപണിയുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത് ക്രോം ആണ്. ഇങ്ങനെ ഓൺലൈൻ സെർച്ച് രംഗത്ത് നിയമവിരുദ്ധമായ കുത്തക നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് യുഎസിന്റെ ഗൂഗിളിനെതിരായ നീക്കം.

ക്രോം വിൽക്കണമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് ഇങ്കിനോട് (Alphabet Inc.) യു.എസ്. നീതിന്യായവകുപ്പ് സമ്മർദം ചെലുത്തുകയാണ്. ഗൂഗിൾ വികസിപ്പിച്ച ഓപ്പൺ സോഴ്‌സ് വെബ് ബ്രൗസറായ ക്രോമും ആൻഡ്രോയ്‌ഡ്‌ ഓപ്പറേറ്റിങ് സിസ്റ്റവുമുൾപ്പെടെയുള്ളവ വിൽക്കണമെന്ന് ആൽഫബെറ്റിനോട് ആവശ്യപ്പെടാൻ യു.എസ് ജില്ലാ കോടതി ജഡ്‌ജി അമിത് മേത്തയ്ക്ക് യുഎസ് നീതിന്യായവകുപ്പ് നിർദേശം നൽകിയേക്കും.

നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ നാലുവർഷക്കാലത്താണ് ഗൂഗിളിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്‌. ഓഗസ്റ്റിൽ നടത്തിയ ഒരു സുപ്രധാന വിധിയിൽ, ഗൂഗിൾ ഒരു ഓൺലൈൻ സെർച്ച് കുത്തകയാണ് നടത്തുന്നതെന്നും അതിനെതിരെ എന്ത് പ്രതിവിധിയെടുക്കണമെന്നും പിഴ ചുമത്തണോയെന്ന് ആലോചിക്കുന്നുണ്ടെന്നും ജഡ്‌ജി അമിത് മേത്ത വിധിച്ചിരുന്നു. 

ആപ്പിൾ അടക്കമുള്ള കമ്പനികളുടെ ടാബ്‌ലെറ്റുകളിലും സ്‌മാർട്ട്‌ഫോണുകളിലും സ്ഥിര സെർച്ച് എഞ്ചിൻ ആയി തുടരുന്നതിന് ഗൂഗിളിൻ്റെ ബില്യൺ കണക്കിന് ഡോളറിൻ്റെ എക്‌സ്‌ക്ലൂസീവ് ഉടമ്പടികൾ അവസാനിപ്പിക്കുന്നത് പരിഗണിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ പ്രോസിക്യൂട്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ, ഇൻ്റർനെറ്റ് സേർച്ച് എഞ്ചിനിൽ മുന്നിലായിരുന്ന ക്രോം, സ്‍മാർട്ട് ഫോണുകൾ വ്യാപകമായതോടെ ആൻഡ്രോയ്‌ഡ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണെന്നും പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. 

ഗൂഗിളിന് ഡേറ്റാ ലൈസൻസിങ് ഏർപ്പെടുത്തണമെന്നും കേസിൽ കക്ഷി ചേർന്ന സംസ്ഥാനങ്ങൾക്കൊപ്പം ആൻ്റിട്രസ്റ്റ് ഉദ്യോഗസ്ഥരും ഫെഡറൽ ജഡ്‌ജി അമിത് മേത്തയോട് ആവശ്യപ്പെടാൻ സാധ്യതയുണ്ട്.

അതേസമയം, ക്രോം വിൽക്കാൻ നിർബന്ധിതരായാൽ ഈ നീക്കം ഉപഭോക്താക്കളെയും ബിസിനസുകളെയും ദോഷകരമായി ബാധിക്കുമെന്ന് ഗൂഗിൾ പ്രതികരിച്ചു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ അമേരിക്കൻ മത്സരശേഷിയെയും ഇത് ബാധിക്കുമെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആപ്പിളിൻ്റെ iPhone, App Store എന്നിവയുമായുള്ള ശക്തമായ മത്സരത്തിൽ Android, Google Play എന്നിവ ദുർബലപ്പെടാൻ ഇടയാകുമെന്നും ഗൂഗിൾ പറയുന്നു. 

2025 ഓഗസ്റ്റിലാണ് യുഎസ് ജില്ലാ ജഡ്‌ജി അമിത് മേത്ത അന്തിമ വിധി പുറപ്പെടുവിക്കുക. വിധി വന്നതിന് ശേഷം ഗൂഗിൾ അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News