കണ്ടത് തന്നെ കണ്ട് മടുത്തോ.. അൽഗൊരിതം വെറുത്തോ... റീസെറ്റ് പ്രിഫറെൻസസ് ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം

ഉപഭോക്താക്കളെ അൽഗൊരിതം മടുപ്പിക്കുന്നെന്ന് സമ്മതിച്ച് ഇൻസ്റ്റ

Update: 2024-11-20 07:38 GMT
Editor : ശരത് പി | By : Web Desk
Advertising

ഇൻസ്റ്റാഗ്രാമാണ് ലോകത്തിലെ നാലാമത്തെ വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. പക്ഷെ ചില സമയങ്ങളിൽ ഇൻസ്റ്റാഗ്രാം ഏറെ മടുപ്പേറിയതാവാറുണ്ട്. പുതുതായി ഒന്നും ചില സമയങ്ങളിൽ പ്ലാറ്റ്‌ഫോം റെക്കമന്റ് ചെയ്യാറില്ല. കണ്ടു മടുത്ത തരത്തിലുള്ള കണ്ടന്റുകൾ വീണ്ടും വീണ്ടും കണ്ട് മടുപ്പിക്കാറുണ്ട് ഇൻസ്റ്റ. ഒരു വിഷയത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ തിരഞ്ഞാൽ പിന്നീട് ഇൻസ്റ്റാഗ്രാമിന്റെ ഫീഡിൽ വന്ന് നിറയുക ആ വിഷയത്തെ അനുബന്ധിച്ചുള്ള കാര്യങ്ങളാവും. പിന്നീട് ആ വിഷയം മടുത്താലും ഫീഡിൽ വന്ന് നിറയുന്ന നിർദേശങ്ങൾ ആ വിഷയത്തെക്കുറിച്ച് തന്നെയാവും. വിഷയത്തെ നോട്ട് ഇൻട്രസ്റ്റഡ് ഫീച്ചർ ഉപയോഗിച്ച് അവസാനം ഒഴിവാക്കേണ്ടതായി വരും.

വൈകിയാണെങ്കിലും ഈ ആൽഗൊരിത പ്രശ്‌നത്തെ പരിഹരിക്കാനായി നടപടിയുമായെത്തിയിരിക്കുകയാണ് മെറ്റ. ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് പുതുതായി അവതരിച്ചിരിക്കുന്നത്.

തങ്ങളുടെ ബ്ലോഗിലൂടെയാണ് കമ്പനി പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുന്നത്. ഒരു 'ഫ്രഷ് സ്റ്റാർട്ടി'നുള്ള അവസരം എന്നാണ് ഫീച്ചറിനെ ഇൻസ്റ്റാഗ്രാം തലവൻ ആഡം മൊസേരി വിശേഷിപ്പിച്ചത്.

ഉപഭോക്താക്കളെ നിർദേശിച്ച വിഷയങ്ങളിൽ മാത്രം ഒതുക്കാതെ പുതിയ വിഷയങ്ങൾ കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുകയാണ് ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഓപ്ഷൻ അനുവദിക്കുന്നതെന്നാണ് മൊസേരി പറഞ്ഞത്.

ഇൻസ്റ്റാഗ്രാമിന്റെ വലിയൊരു ശതമാനം ഉപഭോക്താക്കളും കൗമാരക്കാരാണ്. വളരുന്ന ഘട്ടത്തിൽ ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദീകരിക്കേണ്ടി വരുന്നത് ആ വിഷയത്തിന് പുറത്തേക്കുള്ള കാര്യങ്ങൾ അറിഞ്ഞ് വളരുന്നത് തടയും എന്ന് കമ്പനി നിരീക്ഷിക്കുന്നു. സെൻസിറ്റീവ് വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തുടർച്ചയായി വരുന്നത് തടയാനും ഫീച്ചർ ഉപകാരപ്പെടും. ആളുകളെ വ്യത്യസ്ത വിഷയങ്ങൾ അറിയിക്കുന്നതിലൂടെ മാനസിക വളർച്ചയുണ്ടാകുമെന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കുന്നു.

പ്രാരംഭഘട്ടത്തിലുള്ള ഫീച്ചർ ഉപയോഗിക്കാൻ ഇൻസ്റ്റാഗ്രം പ്രൊഫൈലിൽ വഴി സെറ്റിങ്‌സിൽ കയറി റീസെറ്റ് പ്രഫറൻസസ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഇത് റീസെറ്റ് ചെയ്താൽ ആദ്യമായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നത് പോലെയാവും റെക്കമന്റേഷനുകൾ വരിക. പഴയ പ്രഫറൻസുകളിലേക്ക് പിന്നീട് മടങ്ങുക സാധ്യമല്ല. ആദ്യം തൊട്ട് വീണ്ടും താൽപര്യമുള്ള കാര്യങ്ങൾ തിരയേണ്ടി വരും.

തുടക്കത്തിൽ ഫീച്ചർ ഉപയോഗിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും എന്നാൽ കാലക്രമേണ ഇത് അനായാസമായി മാറുമെന്നും മൊസേരി വ്യക്തമാക്കുന്നു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News