പണികിട്ടിയോ? ഐഫോൺ 14 പ്ലസിന്റെ നിർമാണം വെട്ടിച്ചുരുക്കി
ഐഫോൺ 14 പ്ലസിന് കമ്പനി പ്രതീക്ഷിച്ച രീതിയിൽ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ന്യൂയോർക്ക്: ഐഫോൺ ഈ വർഷം പുറത്തിറക്കിയ മോഡലുകളിലൊന്നായ 14 പ്ലസിന്റെ നിർമ്മാണം വെട്ടിച്ചുരുക്കി. അതേസമയം വില കൂടിയ ഐഫോൺ 14 പ്രോയുടെ നിർമ്മാണം കമ്പനി വർധിപ്പിച്ചു. 14 പ്രോ സീരീസിന്റെ വിഹിതം 50 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇത് 60 ശതമാനത്തിൽ എത്തി.
ഭാവിയിൽ 65 ശതമാനം വരെ ആവശ്യക്കാർ ഉയർന്നേക്കാമെന്നുമാണ് വിലയിരുത്തലുകൾ. ഉയർന്ന മോഡലുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകകരിക്കുന്നത്. അതിനാലാണ് 14 പ്ലസിന്റെ നിർമാണം കമ്പനി കുറക്കുന്നതെന്നാണ് പറയപ്പെടുന്നത്. ആവശ്യക്കാരെ കിട്ടാത്തതും തിരിച്ചടിയായി. അതേസമയം നിർമാണം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആപ്പിൾ ഈ വർഷം നാല് മോഡലുകളാണ് വിപണിയിലെത്തിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ മാക്സ് എന്നിവയാണ് ഡിവൈസുകൾ. ഇതിൽ ഐഫോൺ 14 പ്ലസിന് കമ്പനി പ്രതീക്ഷിച്ച രീതിയിൽ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ വർഷം ഐഫോൺ സീരീസിൽ ഉണ്ടായിരുന്ന ഐഫോൺ 13 മിനി എന്ന മോഡൽ പാടെ ഒഴിവാക്കി ഐഫോൺ 14, ഐഫോൺ 14 പ്രോ എന്നിവയ്ക്ക് ഇടയിൽ വരുന്ന ഡിവൈസായിട്ടാണ് ഐഫോൺ 14 പ്ലസ് അവതരിപ്പിച്ചിരുന്നത്.
ഐഫോൺ 14ന് സമാനമായ ഫീച്ചറുകളും വലിയ ഡിസ്‌പ്ലേയുമാണ് ഈ ഡിവൈസിലുള്ളത്. ഐഫോൺ 14 പ്ലസിന്റെ വിൽപ്പന കമ്പനി പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ആപ്പിൾ വിൽപ്പനയുടെ കണക്കുകളൊന്നും പുറത്ത് വിട്ടിട്ടില്ല. ആളുകൾ പ്രോ മോഡലുകൾ വാങ്ങാനാണ് താല്പര്യം കാണിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വില കൂടുതലാണ് എങ്കിലും ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവ സീരീസിലെ മറ്റ് രണ്ട് ഫോണുകളെക്കാൾ വളരെ മികച്ചതാണ്.