749 രൂപക്ക് ജിയോ ടാഗ് അവതരിപ്പിച്ച് റിലയന്‍സ് ജിയോ
ആപ്പിളിന്‍റെ എയര്‍ടാഗിനോടാണ് ജിയോ ടാഗ് മത്സരിക്കുന്നത്
നമ്മുടെ മൊബൈൽ ഫോൺ എവിടെയെങ്കിലും കളഞ്ഞുപോയാൽ ആദ്യപടി അതിലേക്ക് വിളിച്ചുനോക്കുകയെന്നതാണ്. ഇനി ആരെങ്കിലും ഫോണിൽ നിന്നും സിം കാർഡ് ഊരിക്കളഞ്ഞാലും ഫോൺ കണ്ടുപിടിക്കാൻ സാധിക്കും. ആ ഫോണിൽ മറ്റൊരു സിം കാർഡ് ഇട്ട് ഓണാക്കിയാൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് കറക്ട് ലൊക്കേഷൻ കണ്ടെത്താം. എന്നാൽ വാഹനത്തിന്റെ താക്കോലോ പൊഴ്‌സോ ആണ് ഇത്തരത്തിൽ നഷ്ടപ്പെടുന്നതെങ്കിൽ എന്തുചെയ്യും. ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് റിലയൻസ് ജിയോ.
ജിയോ ടാഗ് എന്ന ബ്ലൂടൂത്ത് ട്രാക്കറാണ് ഈ കുഞ്ഞൻ ഉപകരണം. പെഴ്‌സിലും കീ ചെയിനിലും ബാഗിലുമെല്ലാം സൂക്ഷിക്കാവുന്ന ഊ ഇത്തരിക്കുഞ്ഞൻ പക്ഷെ ആള് പുലിയാണ്. ഏതെങ്കിലും സാഹചര്യത്തിൽ ബാഗോ പെഴ്‌സോ, താക്കോലോ കളഞ്ഞുപോയാൽ ജിയോ ടാഗ് ഉപയോഗിച്ച് എളുപ്പത്തിൽ ട്രാക്ക് ചെയ്യാം.
ആപ്പിളിന്റെ എയർടാഗുമായി മത്സരിക്കുന്ന ജിയോ ടാഗ് അതേ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. അതും ജിയോടാഗിനെക്കാൾ കുറഞ്ഞ വിലയ്ക്ക്. നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തുന്നതിന് പുറമെ ഇവയൊന്നും മറന്നുവെക്കാതിരിക്കാനും ജിയോ ടാഗ് ഓർമിപ്പിക്കും. ടാഗുമായി ബന്ധിപ്പിച്ച ഫോണിൽ സന്ദേശമയക്കുകയാണ് ചെയ്യുക.
9.5 ഗ്രാം മാത്രം ഭാരമുള്ള ജിയോ ടാഗ് ഉപയോഗിച്ച് കാണാതായ വസ്തുക്കൾ അതിവേഗത്തിൽ കണ്ടെത്താം. ഒരു വർഷത്തോളമാണ് ഇതിന് കമ്പനി ബാറ്ററി ലൈഫ് അവകാശപ്പെടുന്നത്. വെളുത്ത നിറത്തിൽ ചതുരാകൃതിയിലാണ് ജിയോ ടാഗ് ഉപഭോക്താക്കളിലേക്കെത്തുന്നത്. കെട്ടിടങ്ങൾക്കുള്ളിൽ 20 മീറ്ററും, പുറത്ത് 50 മീറ്ററും റേഞ്ച് ജിയ ടാഗിന് ലഭിക്കും. ടാഗിന്റെ അവസാന ലൊക്കേഷൻ തിരിച്ചറിയാനായി കമ്മ്യൂണിറ്റി ഫൈന്റ് നെറ്റ്വർക്ക് ഓപ്ഷനും നൽകിയിട്ടുണ്ട്. 749 രൂപക്ക് ജിയോ ടാഗ് സ്വന്തമാക്കാം.