ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എം52 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും സവിശേഷതകളുമറിയാം
ഹോൾ പഞ്ച് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഫോണിന്റെ ഹൃദയം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസി പ്രോസസർ ആണ്.
മൊബൈൽ ഫോൺ പ്രേമികൾ കാത്തിരുന്ന സാംസങിന്റെ പുതിയ 5ജി അവതാരം ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്‌സി എം52 5ജി എന്ന മിഡ് റേഞ്ച് 5ജി ഫോൺ ഒക്ടോബർ മൂന്നിന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ വഴിയായിരിക്കും പ്രധാനമായും വിൽക്കുക.
പിന്നിൽ മൂന്ന് ക്യാമറയോട് കൂടിയ മോഡലിന് ദൃശ്യമികവ് നൽകുന്നത് 6.7 ഇഞ്ച് വലിപ്പമുള്ള 120 ഹേർട്‌സ് റീഫ്രഷ് റേറ്റോഡ് കൂടിയ സൂപ്പർ എഎംഒഎൽഇഡി പ്ലസ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയാണ്് (1080X2400 പിക്‌സൽസ്). 20:9 ആണ് ഫോണിന്റെ ആസ്‌പെക്ട് റേഷ്യോ.
ഹോൾ പഞ്ച് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഫോണിന്റെ ഹൃദയം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778 ജി എസ്ഒസി പ്രോസസർ ആണ്. 7.4 മില്ലി മീറ്റർ മാത്രമാണ് ഫോണിന്റെ തിക്ക്‌നെസ്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയ വൺ യുഐ 3.1 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.
എട്ട് ജിബി വരെയുള്ള റാം ഓപ്ഷനുകളിൽ ഫോണിൽ ലഭ്യമാണ്. 64 എംപി പ്രൈമറി സെൻസർ, 12 എംപി വൈഡ് ആംഗിൾ ഷൂട്ടർ, 5 എംപി മാക്രോ ഷൂട്ടർ എന്നിങ്ങനെയാണ് പിൻ ക്യാമറകളുടെ കോൺഫിഗറേഷൻ. സാംസങ് എല്ലായിപ്പോയും കാത്തുസൂക്ഷിച്ചിരുന്ന ഉഗ്രൻ ക്യാമറ മികവ് ഈ മോഡലിലും പ്രതീക്ഷിക്കാം. മുന്നിൽ 32 എംപി ക്യാമറയാണ് ഗ്യാലക്‌സി എം52 മോഡലിലുള്ളത്.
128 ജിബി ഇന്‍റേണല്‍ സംഭരണ ശേഷിയിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ ഫോൺ ലഭ്യമാകുക. മൈക്രോ എസ്ഡി കാർഡ് വഴി ഒരു ടിബി വരെ മെമ്മറി കൂട്ടാൻ സാധിക്കും. 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത്, എൻഎഫ്‌സി തുടങ്ങിയ എല്ലാവിധ കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണിൽ ലഭ്യമാണ്.
ടൈപ്പ് സി പോർട്ടോട് കൂടിയ ഫോണിന്റെ ഫിംഗർ പ്രിന്റ് സെൻസർ സൈഡ് മൗണ്ടഡ് ആണ്. 25 വാട്ട് ഫാസ്റ്റ് ചാർജിങോട് കൂടിയ 5,000 എംഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്. ഇതിന് 48 മണിക്കൂര്‍ വരെ ടോക്ക് ടൈം നല്‍കാന്‍ സാധിക്കും.
6 ജിബി റാം+ 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയും 8 ജിബി റാം+ 128 ജിബി മോഡലിന് 31,999 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത് എങ്കിലും പരിമിത കാലത്തേക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ വഴി 26,999 രൂപയ്ക്ക് 6ജിബി റാം+ 128 ജിബി മോഡലും 28,999 രൂപയ്ക്ക് 6 ജിബി റാം+ 128 ജിബി മോഡലും ലഭ്യമാകും.