ബിഗ് ബില്ല്യണ്‍ ഡേ വില്‍പനയില്‍ റെക്കോര്‍ഡിട്ട് ഫ്ലിപ്കാര്‍ട്ട്, ഒരു മണിക്കൂറില്‍ വിറ്റഴിഞ്ഞത് 10 ലക്ഷം മൊബൈല്‍ ഫോണുകള്‍
ബുധനാഴ്ചയാണ് ഓഫറുകളുടെ പെരുമഴയുമായി ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേ വില്പനകള്‍ ആരംഭിച്ചത്. മൊബൈല്‍ ഫോണ്‍ കാറ്റഗറിയില്‍ വ്യാഴാഴ്ചയാണ് ഓഫര്‍ വില്‍പന ആരംഭിച്ചതെങ്കിലും ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് തന്നെ ഉപഭോക്താക്കള്‍ക്ക് ഈ വില്‍പനകളിലേക്ക് പ്രവേശനം ലഭ്യമായിരുന്നു. ഒക്ടോബര്‍ 11 ന് നടത്തിയ വില്‍പനയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്ലിപ്കാര്‍ട്ട്.
കഴിഞ്ഞ വര്‍ഷം അഞ്ച് ദിവസം കൊണ്ട് നടത്തിയ വില്‍പന ഇത്തവണ വെറും 26 മണിക്കൂര്‍ കൊണ്ട് നടത്തിയതായാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റ മണിക്കൂറില്‍ 10 ലക്ഷവും ഒരു ദിവസത്തിനുള്ളില്‍ 30 ലക്ഷവും മൊബൈല്‍ ഫോണുകളാണ് ഫ്ലിപ്കാര്‍ട്ട് വിറ്റഴിച്ചത്. ബിഗ് ബില്ല്യണ്‍ വില്‍പന നടക്കുന്ന ദിവസങ്ങളില്‍ പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍ തങ്ങളുടെ മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഫ്ലിപ്കാര്‍ട്ട് അവകാശപ്പെടുന്നു.
ഇലക്ട്രോണിക്ക് ഉത്പന്നങ്ങളുടെ കൂട്ടത്തില്‍ ആമസോണിന്റെ അലക്‌സയെ പിന്തള്ളി ഗൂഗിള്‍ ഹോം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്പീക്കര്‍ എന്ന സ്ഥാനം സ്വന്തമാക്കി. ഓരോ സെക്കന്റിലും ഓരോ ഹെഡ്‌ഫോണ്‍ വീതമാണ് വിറ്റഴിഞ്ഞത്. ഓരോ മിനുറ്റിലും ഓരോ ലാപ്ടോപ് വീതം വിറ്റഴിച്ചെന്നും ഇത് ഇന്ത്യയില്‍ സാധാരണ ദിവസങ്ങളില്‍ നടക്കുന്ന വില്‍പനയുടെ നാലിരട്ടിയാണെന്നും ഫ്ലിപ്കാര്‍ട്ട് അവകാശപ്പെട്ടു.