'മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് മാർഗനിർദേശം തയ്യാറാക്കും'; നടപടിയുമായി ആഭ്യന്തര മന്ത്രാലയം
മാർഗനിർദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കിയേക്കും
ന്യൂഡൽഹി: മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്ക് മാർഗനിർദേശം തയ്യാറാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹമ്മദിനെ വധിക്കാൻ അക്രമികൾ എത്തിയത് മാധ്യമപ്രവർത്തകരെന്ന വ്യാജേനയായിരുന്നു. ഇതേ തുടർന്നാണ് അഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
മാർഗനിർദേശത്തിലെ വിശദാംശങ്ങൾ സംബന്ധിച്ച സൂചനകളൊന്നും ലഭ്യമായിട്ടില്ല. എൻ.സി.ആർ ന്യൂസ് എന്ന പേരിലായിരുന്നു ഇന്നലെ പ്രയാഗ്‌രാജിലെ ആശുപത്രി പരിസരത്ത് അതീഖ് അഹമ്മദ് വധക്കേസിലെ പ്രതികൾ കടന്നുകൂടിയത്. അക്രമത്തിനിടെ ഒരു മാധ്യമപ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. വലിയ രീതിയിലുള്ള സുരക്ഷ വീഴ്ചയാണ് ഇന്നലെയുണ്ടായതെന്ന് മാധ്യമപ്രവർത്തകരടക്കം വിമർശിച്ചു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. മാർഗനിർദേശത്തിലെ വിശദവിവരങ്ങൾ ആഭ്യന്തര മന്ത്രാലയം ഉടൻ പുറത്തിറക്കും.