യുക്രൈനിലല്ല, കൂടുതൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികള്‍ ചൈനയിൽ

സ്വകാര്യമേഖലയിലെ മെഡിക്കൽ പഠനം ഇന്ത്യയിൽ ചെലവേറിയതാണ് വിദ്യാർത്ഥികളെ വിദേശത്തേക്ക് ആകർഷിക്കുന്നത്.

Update: 2022-03-03 07:24 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനു പിന്നാലെ രാജ്യത്ത് ചർച്ചയാകുന്നത് അവിടങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളെ കുറിച്ചാണ്. കിഴക്കൻ യൂറോപ്യൻ രാഷ്ട്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധ മുഴുവനും. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് രാജ്യത്ത് തിരികെയെത്തിയത്. യുക്രൈനിൽ മാത്രം പതിനെട്ടായിരം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ. മെഡിക്കൽ പഠനത്തിനായാണ് വിദ്യാർത്ഥികൾ പ്രധാനമായും യുക്രൈനിലെത്തുന്നത്.

കൂടുതൽ ചൈനയിൽ

യുക്രൈനിലല്ല, ചൈനയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 23,000 പേരാണ് ചൈനയിലുള്ളത്. യുക്രൈനിൽ പതിനെട്ടായിരം പേരും റഷ്യയിൽ 16500 പേരുമുണ്ട്. ഫിലിപ്പൈൻസ് 15,000, കിർഗിസ്ഥാൻ 10,000, ജോർജിയ 7500, ബംഗ്ലാദേശ് 5200, കസാക്കിസ്ഥാൻ 5200, പോളണ്ട് 4000, അർമീനിയ 3,000 എന്നിങ്ങനെയാണ് മറ്റു വിദേശരാഷ്ട്രങ്ങളിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്ക്.

'ഒരുപാട് ചെറിയ രാഷ്ട്രങ്ങൾ മെഡിസിൻ വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ഒരുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് ചെറുനഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അർമീനിയ, മംഗോളിയ തുടങ്ങിയരാഷ്ട്രങ്ങളിലേക്ക് മെഡിക്കൽ പഠനത്തിന് പോകാൻ സന്നദ്ധമാണ്.' - വിദ്യാഭ്യാസ കൺസൽട്ടന്റായ കരൺ ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എന്തു കൊണ്ട് വിദേശത്തേക്ക്?

സ്വകാര്യമേഖലയിലെ മെഡിക്കൽ പഠനം ഇന്ത്യയിൽ ചെലവേറിയതാണ് വിദ്യാർത്ഥികളെ വിദേശത്തേക്ക് ആകർഷിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും മറ്റൊരു കാരണമാണ്. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ രണ്ട് ഫീസ് ഘടനയിലുള്ള സീറ്റുകളാണ് എം.ബി.ബി.എസ് പ്രവേശനത്തിനുള്ളത്. 85 ശതമാനം സീറ്റിൽ നീറ്റ് മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനത്തിന് ആറേകാൽ ലക്ഷം മുതൽ ഏഴേകാൽ ലക്ഷം വരെയാണ് വാർഷിക ഫീസ്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ സ്‌പെഷൽ ഫീസിനത്തിലും ചെലവ് വരുന്നു.

അഞ്ചു വർഷം നീളുന്ന പഠനത്തിന് സ്വകാര്യ മെഡിക്കൽ കോളജിൽ 50 ലക്ഷം രൂപ വരെ ചെലവു വരുമെന്നാണ് കണക്ക്. പതിനഞ്ചു ശതമാനം വരുന്ന എൻ.ആർ.ഐ സീറ്റിൽ വാർഷിക ഫീസ് 20 ലക്ഷം രൂപയാണ്. ഈ വിദ്യാർഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കാൻ വരുന്ന ചെലവ് ഒരു കോടി രൂപക്ക് മുകളിലാണ്.

അതേസമയം, യുക്രൈനിൽ എം.ബി.ബി.എസ് പഠനത്തിന് ചേരുന്ന വിദ്യാർഥികൾക്ക് 25 മുതൽ 30 ലക്ഷം രൂപ വരെയാണ് ആകെ വരുന്ന ചെലവ്. വിദേശ സർവകലാശാലയിലെ പഠനം വഴി ലഭിക്കുന്ന അക്കാദമിക്/ കരിയർ നേട്ടങ്ങളും വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പഠനം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു.

വേണ്ടത്ര സീറ്റുകളില്ല!

ഇന്ത്യയിൽ വേണ്ടത്ര സീറ്റുകളില്ലാത്തതാണ് വിദേശ സർവകലാശാലകളിലേക്ക് ചേക്കേറാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്ന മറ്റൊരു ഘടകം. ഇതു സംബന്ധിച്ച മാധ്യമം റിപ്പോർട്ട് ഇങ്ങനെ;

ഇന്ത്യയിൽ ഈ വർഷം മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി പരീക്ഷക്ക് രജിസ്റ്റർ ചെയ്തത് 16.14 ലക്ഷം പേരാണ്. ഇതിൽ 15.44 ലക്ഷം പേർ പരീക്ഷ എഴുതുകയും 8.7 ലക്ഷം പേർ യോഗ്യത നേടുകയും ചെയ്തു. ഇവർക്കായി രാജ്യത്ത് സർക്കാർ, സ്വകാര്യ മേഖലയിലെ 605 കോളജ്/ സർവകലാശാലകളിലായി ആകെയുള്ളത് 90825 എം.ബി.ബി.എസ് സീറ്റുകളാണ്. 8.7 ലക്ഷം പേർയോഗ്യത നേടിയതിൽ 7.8 ലക്ഷം പേർക്കും സീറ്റില്ല. കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം 116010 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഇതിൽ 42099 പേരാണ് യോഗ്യത നേടി കേരള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. കേരളത്തിൽ 10 സർക്കാർ മെഡിക്കൽ കോളജുകളിലായി 1555ഉം 19 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 2350 ഉം ഉൾപ്പെടെ 3905 എം.ബി.ബി.എസ് സീറ്റാണുള്ളത്. കൽപിത സർവകലാശാല പദവിയിൽ പ്രവർത്തിക്കുന്ന കൊച്ചി അമൃത മെഡിക്കൽ കോളജിൽ 100 എം.ബി.ബി.എസ് സീറ്റും ലഭ്യമാണ്. 2017 വരെ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 50 ശതമാനം സീറ്റിലേക്ക് സർക്കാറും അവശേഷിക്കുന്നവയിലേക്ക് മാനേജ്‌മെൻറുകളുമായിരുന്നു പ്രവേശനം നടത്തിയിരുന്നത്- റിപ്പോർട്ടിൽ പറയുന്നു.

വിദേശത്ത് മെഡിക്കൽ പഠനത്തിന് പോകുന്നവരും ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി യോഗ്യത നേടണമെന്നാണ് ദേശീയ മെഡിക്കൽ കമീഷൻ നിശ്ചയിച്ച യോഗ്യത. വിദേശത്ത് കോഴ്‌സ് പൂർത്തിയാക്കി വരുന്നവർ നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്.എം.ജി.ഇ) എഴുതി വിജയിച്ചാൽ മാത്രമേ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനും തുടർപഠനത്തിനും അനുമതി ലഭിക്കുകയുള്ളൂ. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News