മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താക്കറെയുടെ രാജിപ്രഖ്യാപനം.
വിശ്വാസവോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു. രാത്രി 9.45ഓടെ ഫേസ്ബുക് ലൈവിലൂടെയായിരുന്നു താക്കറെയുടെ രാജിപ്രഖ്യാപനം. വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്ന ശിവസേനയുടെ ഹരജി സുപ്രിംകോടതി തള്ളിയതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിക്കുന്നത്.
മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ് താൻ നിലനിന്നതെന്ന് രാജി പ്രഖ്യാപനത്തിനിടെ ഉദ്ധവ് താക്കറെ പറഞ്ഞു. സഭയിലെ അംഗബലത്തേക്കാളും ഒരു ശിവസേനക്കാരൻ പോലും എതിരാകുന്നതാണ് സഹിക്കാനാകാത്ത കാര്യമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്ന് പല സ്ഥാനമാനങ്ങളും സ്വന്തമാക്കിയവര്‍ ഇന്ന് പാർട്ടിയുമായി വിദ്വേഷത്തിലാണ്. ഒന്നും ലഭിക്കാത്ത സാധാരണക്കാരായ ശിവസൈനികരാണ് പാർട്ടിക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നത് -ഉദ്ധവ് താക്കറെ രാജിപ്രഖ്യാപനത്തിനിടെ പറഞ്ഞു
മഹാരാഷ്ട്ര നിയമസഭയിൽ നാളെ രാവിലെ 11ന് വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രിം കോടതി അനുമതി നൽകിയത്. കോടതിയുടെ തീരുമാനം ശിവസേനക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട അവസ്ഥ വന്നു. അതിന് കാത്തുനില്‍ക്കാതെയണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെക്കുന്നത്.
ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെബി പർദിവാല എന്നിരടങ്ങുന്ന അവധിക്കാല ബെഞ്ചിന്‍റേതായിരുന്നു വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള വിധി. ഇതുമായി ബന്ധപ്പെട്ട് രൂക്ഷമായ വാക്കുതര്‍ക്കമാണ് കോടതിയില്‍ നടന്നത്. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റർ ജനറൽ തുഷാർ മേത്ത മഹാരാഷ്ട്ര ഗവർണർക്കും മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വിമതശിവസേന നേതാവ് ഏക്നാഥ് ഷിൻഡേയ്ക്കും വേണ്ടി ഹാജരായി.