വിദ്വേഷ പ്രസംഗ കേസ്; പി.സി ജോര്‍ജ് അറസ്റ്റില്‍
മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചു
എറണാകുളം: വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍.പി.സി ജോര്‍ജ് അറസ്റ്റില്‍. വെണ്ണല കേസില്‍ മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോര്‍ജിനെ ഉപാദികളോടെ വിട്ടയച്ചു. എന്നാല്‍ തിരുവന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ഇന്ന് അറസ്റ്റ് ഉണ്ടാവുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ മെയ് ഒന്നിനാണ് പി സി ജോര്‍ജ്ജിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പിസി ജോര്‍ജ്ജ് വിദ്വേഷ പ്രസംഗത്തില്‍ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചു. ഇതില്‍ വിശദമായ വാദം കേട്ട കോടതി പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തി.
ജാമ്യത്തിലിരിക്കെ വെണ്ണലയില്‍ പിസി ജോര്‍ജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു .
ഇതിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും മജിസ്ട്രേറ്റ് അനുമതി നല്‍കി. പിന്നാലെ വെണ്ണല കേസില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായ പിസി ജോര്‍ജ്ജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.