സൈബര്‍ കുറ്റ നിയമത്തില്‍ ഇളവ് വരുത്തി യു.എ.ഇ; കുറ്റവാളികളെ നിർബന്ധിത നാടുകടത്തൽ ശിക്ഷക്ക്​ വിധേയമാക്കില്ല  

Update: 2018-10-13 18:30 GMT
Advertising

സൈബർ കുറ്റകൃത്യം ചെയ്​തവരെ നിർബന്ധിത നാടുകടത്തൽ ശിക്ഷക്ക്​ വിധേയമാക്കുന്നത്​ ഒഴിവാക്കാൻ യു.എ.ഇ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട്​ നിയമഭേദഗതി കൊണ്ടുവന്നതായി അധികൃതർ വ്യക്​തമാക്കി.

ഭേദഗതി പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക്​ തടവോ നാടുകടത്തലോ നേരിടേണ്ടതില്ല. നിയമം അനുശാസിക്കുന്ന കാലയളവിൽ പ്രതിയുടെ ഒാൺലൈൻ ഉപയോഗങ്ങൾ തടയാൻ കോടതിക്ക്​ ഉത്തരവിടാം. ഇൗയിടെ കനേഡിയൻ പൗരൻ നൽകിയ ഹരജിയിൽ ദുബൈ അപ്പീൽ കോടതി നാടുകടത്താനുള്ള കീഴ്​ക്കോടതി ഉത്തരവ്​ റദ്ദാക്കിയിരുന്നു.

നിയമഭേദഗതിയെ ഇൗ രംഗത്തെ വിദഗ്​ധർ പ്രശംസിച്ചു. കുറ്റകൃത്യ റെക്കോർഡില്ലാത്ത വ്യക്​തികൾക്ക്​ ഭേദഗതി വലിയ പ്രയോജനം ചെയ്യുമെന്ന്​ അവർ​ പറഞ്ഞു. ഇൻറർനെറ്റ്​ മുഖേന ഒരാളെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ശിക്ഷ നിയമഭേദഗതിക്ക്​ മുമ്പ്​ തടവും വിദേശികൾക്ക്​ തടവിനൊപ്പം നിർബന്ധിത നാടുകടത്തലുമായിരുന്നു. ഇത്​ രണ്ടും പ്രതിയുടെ ജീവിതം നശിപ്പിക്കുന്നതാണ്​. എന്നാൽ, നിയമഭേദഗതിയോടെ ഇവ രണ്ടും നിർബന്ധിത ശിക്ഷകളല്ലാതായി. ഇനി നാടുകടത്തണോ വേണ്ടയോ എന്നത്​ ജഡ്​ജിയുടെ തീരുമാനമാണ്​. നേരത്തെ നാടുകടത്തൽ നിർബന്ധമായിരുന്നതിനാൽ ജഡ്​ജിമാർക്ക്​ ഇക്കാര്യത്തിൽ മറ്റു തീരുമാനങ്ങൾ എടുക്കാൻ സാധ്യമല്ലായിരുന്നു.

അതേ സമയം സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന്​ യു.എ.ഇ മുന്നറിയിപ്പ്​ നൽകി.

Tags:    

Similar News