സിറിയയില്‍ ബശാറുല്‍ അസദ് വീണ്ടും പ്രസിഡന്റ്
പാര്‍ലമെന്റ് മേധാവി ഹമ്മൗദ സബ്ബാഹ് ആണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ചത്.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ ബശാറുല്‍ അസദ് നാലാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 95.1 ശതമാനം വോട്ട് നേടിയാണ് അസദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ആഭ്യന്തര യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ബുധനാഴ്ച നടന്നത്.
പാര്‍ലമെന്റ് മേധാവി ഹമ്മൗദ സബ്ബാഹ് ആണ് വ്യാഴാഴ്ച ഫലം പ്രഖ്യാപിച്ചത്. 14 മില്യന്‍ സിറിയക്കാര്‍ വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മുന്‍ ഡെപ്യൂട്ടി കാബിനറ്റ് മന്ത്രി അബ്ദുല്ല സാലൂം അബ്ദുല്ല, മഹ്‌മൂദ് അഹമ്മദ് മാരി എന്നിവരാണ് അസദിനെതിരെ മത്സരിച്ചത്. ഇവര്‍ അസദിന്റെ തന്നെ ആളുകളാണെന്നും തിരഞ്ഞെടുപ്പ് പ്രഹസനമാണെന്നും രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
തിരഞ്ഞെടുപ്പ് സത്യസന്ധമോ നീതിയുക്തമോ അല്ലെന്ന് യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിനെ പ്രഹസനം എന്നാണ് അസദ് വിരുദ്ധരായ പ്രതിപക്ഷം വിശേഷിപ്പിച്ചത്.
കഴിഞ്ഞ 10 വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ആയിരക്കണക്കിന് സിറിയന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. നിരവധിപേരാണ് അഭയാര്‍ത്ഥികളായി സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.