'പോകുന്നവർക്ക് പോകാം': ഐപിഎൽ തുടരുമെന്ന് ബി.സി.സി.ഐ

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഐ.പിഎല്‍ നടത്തുന്നതിലെ ധാര്‍മികതയെ ചോദ്യം ചെയ്ത് ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു

Update: 2021-04-26 08:30 GMT
Editor : rishad | By : Web Desk
Advertising

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും ഐ.പി.എല്‍ തുടരാനുറച്ച് ബി.സി.സി.ഐ. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ഐ.പിഎല്‍ നടത്തുന്നതിലെ ധാര്‍മികതയെ ചോദ്യം ചെയ്ത് ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്ത് എത്തിയിരുന്നു. കുടുംബത്തിലെ കോവിഡ് ബാധയെ തുടര്‍ന്ന് അശ്വിന്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങള്‍ക്കിടെയാണ് ബി.സി.സി.ഐ, ഐ.പി.എല്‍ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

'ഐ.പി.എല്‍ തുടരും, ആരെങ്കിലും പോരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്നും ബി.സി.സിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരു താരങ്ങളായ ആസ്‌ട്രേലിയയുടെ കെയിന്‍ റിച്ചാഡ്‌സണും ആദം സാമ്പയും ഐ.പി.എല്ലില്‍ നിന്ന് ഇന്ന് പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ആസ്‌ട്രേലിയയിലേക്ക് മടങ്ങുന്നു എന്നാണ് ആര്‍.സി.ബി അറിയിക്കുന്നത്. ഐ.പി.എല്ലില്‍ നിന്ന് നേരത്തെയും ആസ്‌ട്രേലിയന്‍ താരങ്ങള്‍ പിന്‍വാങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് താരം ആന്‍ഡ്രെ ടൈയാണ് ആദ്യം പിന്മാറിയ ആസ്‌ട്രേലിയന്‍ കളിക്കാരന്‍.

ഡല്‍ഹി കാപ്പിറ്റല്‍സിന്റെ രവിചന്ദ്ര അശ്വിനും ടീം വിട്ടു. കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാലായിരുന്നു അശ്വിന്റ പിന്മാറ്റം. അതേസമയം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ടൂര്‍ണമെന്‍റില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷയെന്നും അശ്വിന്‍ പങ്കുവെച്ചു. നേരത്തെ ബയോബബ്ള്‍ സംവിധാനം മടുത്തതിനാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റണ്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശനമായ ബയോ-ബബിള്‍ നിയന്ത്രണങ്ങളിലാണ് ബി.സി.സി.ഐ ഐ.പി.എല്‍ സംഘടിപ്പിക്കുന്നത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഐ.പി.എല്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് ആസ്‌ട്രേലിയന്‍ മുന്‍ താരം ആദം ഗില്‍ക്രിസ്റ്റ് രംഗത്ത് എത്തിയിരുന്നു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News