'നിയമം എല്ലാവർക്കും ബാധകമാണ്'; ബാഴ്‌സക്ക് അനുകൂല തീരുമാനത്തെ വിമർശിച്ച് അത്‌ലറ്റികോ
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സ ഞായറാഴ്ച റയൽ മാഡ്രിഡിനെ നേരിടും
ബാഴ്സലോണയുടെ ഈ ലാസ്റ്റ്മിനിറ്റ് ഡ്രാമ എന്നവസാനിക്കും. കളിക്കളത്തിലെ പ്രകടനത്തെ കുറിച്ചല്ല ആരാധകരുടെ ഈ ആശങ്ക. മറിച്ച് മൈതാനത്തിന് പുറത്ത് സംഭവിക്കുന്ന ഞാണിൻമേൽ കളിയാണ് ഈ വിഖ്യാത ക്ലബിനെ ഉലച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കറ്റാലൻ ക്ലബിനെ വരിഞ്ഞ് മുറുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ടീം പ്രകടനത്തിലടക്കം ഇതിന്റെ പ്രതിഫലനമുണ്ടാകുന്നുണ്ട്. മധ്യനിര താരം ഡാനി ഒൽമോ, മുന്നേറ്റ താരം പൗ വിക്ടർ എന്നിവരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നിവ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ്.
ഏറെ പ്രതീക്ഷയോടെ സമ്മർ ട്രാൻസ്ഫറിൽ എത്തിച്ച താരങ്ങളുടെ രജിസ്ട്രേഷൻ സ്ഥിരപ്പെടുത്താൻ സീസൺ പകുതിയായിട്ടും ബാഴ്സക്കായില്ല. ഡിസംബർ 31ന് പെർമിനന്റ് രജിസ്ട്രേഷൻ സമയപരിധി അവസാനിച്ചതോടെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും ലാലീഗയുമെല്ലാം കടുത്തനടപടിയിലേക്ക് കടന്നു. ഇതോടെ ജനുവരിക്ക് ശേഷം ഈ രണ്ട് താരങ്ങളെയും കളത്തിലിറക്കാനാകാത്ത സ്ഥിതി വന്നു. ഇരു താരങ്ങളുടെയും ഭാവി തന്നെ അനിശ്ചിതത്വത്തിലായ നിമിഷം.
ലാലീഗയിൽ വൻതിരിച്ചടി നേരിട്ടതോടെ അവസാന മണിക്കൂറിൽ ബാഴ്സ പ്രസിഡന്റ് ജോവാൻ ലപോർട്ടയുടെയും മാനേജ്മെന്റും ഉണർന്നെണീറ്റു. ഇരു താരങ്ങളുടേയും വിലക്ക് നീക്കാനായി കോടതിയിലേക്കാണ് പോയത്. ദിവസങ്ങളുടെ അഭ്യൂഹങ്ങൾക്ക് ശേഷം സ്പെയിൻ സ്പോർട് കോർട്ട് ഒൽമയേയും വിക്ടറിനേയും താൽകാലികമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകി. ക്ലബും ലാലീഗയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനുമായുള്ള കേസ് തീർപ്പാകുന്നതുവരെയാണ് അനുമതി. താരങ്ങളുടെ രജിസ്ട്രൈഷനുമായി ബന്ധപ്പെട്ട് 52 പേജുള്ള റിപ്പോർട്ടും 60 ഡോക്യുമെന്റുമാണ് കറ്റാലൻ ക്ലബ് സബ്മിറ്റ് ചെയ്തത്. താൽകാലികമായി ആശ്വാസമായെങ്കിലും ഏതുനിമിഷവും പിടികൂടാമെന്ന അവസ്ഥ നിലവിലുണ്ട്.
പോയ വർഷം ഓഗസ്റ്റിലാണ് ജർമൻ ക്ലബ് ആർ ബി ലെയ്പ്സിഗിൽ നിന്ന് 60 മില്യൺ യൂറോക്ക് ഡാനി ഒൽമോ ബാഴ്സയുമായി കരാറിലെത്തുന്നത്. അന്നുതന്നെ താരത്തിന്റെ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായിരുന്നു. ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിവെച്ച് രജിസ്ട്രേഷൻ എങ്ങനെ പൂർത്തിയാക്കുമെന്നതായിരുന്നു വെല്ലുവിളി. ഇതിനിടെ പരിക്കേറ്റ് നാല്മാസത്തിലധികം കളത്തിന് പുറത്തായ ആന്ദ്രെ ക്രിസ്റ്റ്യൻസന്റെ വിടവിൽ താൽകാലികമായി ഒൽമോയെ രജിസ്റ്റർ ചെയ്യാനായത് ആശ്വാസമായി. ബാഴ്സക്കായി കളത്തിലിറങ്ങിയ ഒൽമോ 15 മത്സരങ്ങളിൽ നിന്നായി ആറു ഗോളുകളും അടിച്ചുകൂട്ടി. എന്നാൽ അധികൃതർ അനുവദിച്ച സമയപരിധി ഡിസംബർ 31 അവസാനിച്ചതോടെയാണ് കറ്റാലൻ ക്ലബിന് മേൽ വീണ്ടും അനിശ്ചിതത്വം മൂടിനിന്നു.
ബാഴ്സക്ക് മുന്നിൽ ഇനി ഒരു മാർഗമേയുള്ളൂ. പണം കണ്ടെത്തുക. സാലറി സ്പെൻഡിങ് ലിമിറ്റ് ഉയർത്തി മാത്രമാണ് പ്രശ്നം പരിഹരിക്കാനാകുക. ഇതിനായി സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കണം. ചെലവ് ചുരുക്കി മുന്നോട്ട് പോകണം. വിഐപി ബോക്‌സ് വിറ്റ വകയിലും സ്‌പോൺസർഷിപ്പ് തുകയിലും നൈക്കി പ്രതിവർഷം വലിയ തുക നൽകാമെന്നേറ്റത് പുതിയ പ്രതീക്ഷയാണ്. ഇതിന് പുറമെ ഹോം ഗ്രൗണ്ടിലെ വിഐടി ടിക്കറ്റുകൾ ദീർഘകാലത്തേക്ക് വിൽപന നടത്തിയും വലിയൊരു തുക കണ്ടെത്താനാകും. ഈ ഫണ്ട് ഉപയോഗപ്പെടുത്തി താരങ്ങളുടെ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാമെന്നാണ് ബാഴ്സയും ലപോർട്ടയും കരുതുന്നത്. എന്നാൽ ഇതിന് മുന്നോടിയായി ലാലീഗയിലെ നിയമകുരുക്കുകളും പരിഹരിക്കേണ്ടതുണ്ട്.
അതേസമയം, ബാഴ്സലോണയ്ക്ക് അനുകൂലമായി നൽകിയ കോടതി വിധി സ്‌പെയിനിലെ പ്രധാന ക്ലബുകൾക്കിടയിൽ എതിർപ്പിന് കാരണമായിട്ടുണ്ട്. എസ്പാനിയോളും അത്ല്റ്റികോ മാഡ്രിഡുമാണ് നടപടിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്. അപ്പീൽ പരിഹരിക്കാതെ താരങ്ങളെ പങ്കെടുക്കാൻ അനുമതി നൽകുന്നത് തെറ്റായ രീതിയുണ്ടാക്കുമെന്ന് ഇരു ക്ലബുകളും നിലപാടെടുത്തു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ ലാലീഗയുടെ സാമ്പത്തിക നിയന്ത്രണ നിയമങ്ങളിൽ ഒരു ക്ലബിനായി മാത്രം ഇളവ് നൽകുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് അത്ലറ്റികോ മാഡ്രിഡ് അധികൃതർ വ്യക്തമാക്കി.