'ഇതാണ് വിദ്യാഭ്യാസത്തിന്റെ ഗുണം'; നരേന്ദ്ര മോദിയെയും മൻമോഹൻ സിങ്ങിനെയും താരതമ്യം ചെയ്ത് പ്രസാർ ഭാരതി മുൻ സി.ഇ.ഒ

ദൂരദർശനിലും ആൾ ഇന്ത്യാ റേഡിയോവിലുമുള്ള നരേന്ദ്ര മോദി സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് 2016-ലാണ് പ്രസാർ ഭാരതി സി.ഇ.ഒ സ്ഥാനം ജവഹർ സർക്കാർ രാജിവെച്ചത്

Update: 2021-07-20 08:47 GMT
Editor : André
Advertising

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സമീപനങ്ങളെ താരതമ്യംചെയ്ത് പ്രസാർ ഭാരതി മുൻ സി.ഇ.ഒയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജവഹർ സർക്കാർ. ഉന്നത പദവികൾ വഹിച്ചിരുന്ന തന്നോട് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ രണ്ട് പ്രധാനമന്ത്രിമാരും എങ്ങനെയാണ് പെരുമാറിയിരുന്നത് എന്നതിന്റെ ചിത്രങ്ങളാണ് ജവഹർ സർക്കാർ ട്വീറ്റ് ചെയ്തത്.



ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന് മൻമോഹൻ സിങ് പരിചയപ്പെടുത്തുന്ന ചിത്രം പങ്കുവെച്ച് സർക്കാർ കുറിച്ചതിങ്ങനെ:

'നല്ല വിദ്യാഭ്യാസമാണ് കാണിക്കുന്നത്. നമ്മുടെ മുൻ പ്രധാനമന്ത്രി എത്ര ഊഷ്മളമായാണ് എന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന് പരിചയപ്പെടുത്തുന്നത് എന്നു നോക്കൂ... ഇപ്പോഴത്തെ പ്രധാനമന്ത്രി ബീജിങ്ങിൽ എനിക്കു നേരെ തുറിച്ചു നോക്കിയതിന് നേരെ വിരുദ്ധമാണിത്. - ആ ചിത്രം രണ്ടുദിവസം മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.' പുലർച്ചെ 1.20 ന് പോസ്റ്റ് ചെയ്ത ട്വീറ്റിൽ സർക്കാർ പറയുന്നു.

രണ്ട് ദിവസം മുമ്പ് ജവഹർ സർക്കാറിന്റെ ട്വിറ്റർ പ്രൊഫൈലിൽ ഇതുസംബന്ധിച്ചുള്ള ചിത്രങ്ങളൊന്നുമില്ല. അതേസമയം, ഇന്ന് രാവിലെ 10.23 ന് നരേന്ദ്ര മോദിയുടെ രണ്ട് ചിത്രങ്ങളടക്കമുള്ള ട്വീറ്റ് അദ്ദേഹം പ്രസിദ്ധീകരിച്ചു. ജവഹർ സർക്കാറും ചൈനീസ് പ്രതിനിധിയും തമ്മിൽ ഒരു കരാർ ഒപ്പുവെക്കുന്നത് മോദി നോക്കിയിരിക്കുന്നതാണ് ചിത്രം.



'നേരത്തെ ഇട്ട മൻമോഹൻ സിങ് ചിത്രവുമായി ഇത് ഒത്തുനോക്കുക. ബീജിങ് 2015: പ്രസാർ ഭാരതി സി.ഇ.ഒ എന്ന നിലയിൽ ഇന്തോ ചൈനീസ് കരാർ ഒപ്പുവെക്കുന്ന എന്നെ പ്രധാനമന്ത്രി മോദി നോക്കുന്നു. അനിഷ്ടം മുഖത്ത് വ്യക്തമായി കാണാം. എങ്കിലും, ഞാൻ രണ്ട് വർഷം കൂടി ആ പദവിയിൽ തുടർന്നു. പിന്നീട് രാജിവെച്ചു. പദവിയിൽ തുടരാൻ എനിക്ക് നിയമപരമായി കഴിയുമായിരുന്നു. പക്ഷേ, ബോസ് എതിരാണെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ കാര്യമില്ലല്ലോ.' - ചിത്രങ്ങൾക്കൊപ്പം സർക്കാർ കുറിച്ചു.

42 വർഷത്തോളം സിവിൽ സർവീസിലിരുന്ന ജവഹർ സർക്കാർ പ്രസാർ ഭാരതി സി.ഇ.ഒ, സാംസ്‌കാരിക മന്ത്രാലയ സെക്രട്ടറി തുടങ്ങിയ പദവികളിൽ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ്. ദൂരദർശനിലും ആൾ ഇന്ത്യാ റേഡിയോവിലുമുള്ള നരേന്ദ്ര മോദി സർക്കാറിന്റെ രാഷ്ട്രീയ ഇടപെടലിൽ പ്രതിഷേധിച്ച് 2016-ലാണ് പ്രസാർ ഭാരതി സി.ഇ.ഒ സ്ഥാനം രാജിവെച്ചത്.

Tags:    

Editor - André

contributor

Similar News