പുതുമുഖങ്ങള്‍ നിറഞ്ഞ ഇടത് മന്ത്രിസഭക്ക് അഭിനന്ദനങ്ങളുമായി വി.ഡി സതീശന്‍
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും പുതുമുഖങ്ങള്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതിപക്ഷ നേതൃസ്ഥാനത്ത് പുതുമുഖം വരണമെന്ന ആവശ്യം ശക്തമാവുന്നതിനിടെ പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രമേശ് ചെന്നിത്തലക്ക് പകരം വി.ഡി സതീശനെ പ്രതിപക്ഷനേതാവാക്കണം എന്ന ആവശ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാവുന്നതിനിടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങളുമായി വി.ഡി സതീശന്‍ രംഗത്ത് വന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും പുതുമുഖങ്ങള്‍ വരണമെന്നാണ് ആവശ്യമുയരുന്നത്. കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റും വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവും കെ. മുരളീധരന്‍ യുഡിഎഫ് കണ്‍വീനറുമായി വരണമെന്നാണ് പ്രധാനമായും ആവശ്യമുയരുന്നത്. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം ചില വ്യക്തികളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ നിലപാട്.
കോണ്‍ഗ്രസില്‍ തലമുറമാറ്റം വലിയ ചര്‍ച്ചയാവുന്ന ഘട്ടത്തിലാണ് പ്രമുഖരെ അടക്കം ഒഴിവാക്കി പുതുമുഖങ്ങള്‍ മാത്രമായി എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ഇതോടെ അണികള്‍ക്കിടയില്‍ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുന്നത്. ഇതിനെ പരോക്ഷമായി പിന്തുണക്കുന്ന തരത്തിലാണ് പുതുമുഖങ്ങള്‍ നിറഞ്ഞ മന്ത്രിസഭക്ക് അഭിനന്ദനങ്ങളുമായി വി.ഡി സതീശന്‍ രംഗത്ത് വന്നിരിക്കുന്നത്.