സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലി; കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും: വി.ഡി സതീശന്‍
കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കും.
കാലഘട്ടത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റമുണ്ടാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലി. ഗവണ്‍മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണക്കും. അതേസമയം തെറ്റായ കാര്യങ്ങളുണ്ടാവുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1967ന് ശേഷം ചരിത്രത്തിലെ വലിയ പരാജയമാണ് ഇത്തവണ കോണ്‍ഗ്രസിനുണ്ടായത്. അതില്‍ നിന്ന് തിരിച്ചുവരാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കും. രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തില്ല. കോവിഡിനെതിരെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ നിരുപാധിക പിന്തുണയുണ്ടാവുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരിയും നേരിട്ട കേരള ജനത വലിയ പ്രയാസത്തിലാണ്. അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. അതിനായി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാനാവുന്ന എല്ലാ കാര്യങ്ങളും ചെയ്യും. വര്‍ഗീയതയുമായി സന്ധിയില്ലാത്ത പോരാട്ടം നടത്തും. അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറില്ല. പാര്‍ലമെന്ററി രംഗത്ത് എന്ത് നഷ്ടങ്ങളുണ്ടാവുമെന്ന് നോക്കാതെ എല്ലാ തരത്തിലുമുള്ള വര്‍ഗീയതക്കെതിരെയും ശക്തമായ പോരാട്ടം തുടരുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.